സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറ്റ സുഹൃത്തിനായി ആശുപത്രി കിടക്കയിൽ നിന്ന് കഥകളി അരങ്ങിൽ എത്തിയ ഒരു പാലക്കാട്ടുകാരി ഉണ്ട്. പെൺകുട്ടികളുടെ കഥകളി ഗ്രൂപ്പ് ഇനത്തിൽ ആണ് ഹൃദയസ്പർശിയായി വേറിട്ട കഥ.
നാടോടിക്കാറ്റിലെ ദാസനും വിജയനും പോലെ എന്തുണ്ടെങ്കിലും ഒരുമിച്ചു നേരിടുന്ന സുഹൃത്തുക്കളാണ് ഇഷയും, അവന്തികയും. ഇരുവരും പത്താം ക്ലാസ് വിദ്യാർഥിനികൾ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യമായാണ് എത്തുന്നതെങ്കിലും വെല്ലുവിളികൾ ഏറെയായിരുന്നു. ടൈഫോയിഡ് ബാധിച്ച് ഒരുമാസമായി ചികിത്സയിലായിരുന്നു ഇഷ. ഇന്നലെയാണ് ഇഷ പാലക്കാട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി തൃശൂരിൽ എത്തിയത്. കഥകളി ഗ്രൂപ്പിനത്തിൽ അവശതകൾ മറന്ന് അവന്തികയോടൊപ്പം ഇഷ ചുവടു വെച്ചു.
കഥകളി ഗ്രൂപ്പിനത്തിൽ രണ്ടുപേരാണുള്ളത്. സ്റ്റേറ്റിൽ പങ്കെടുക്കാൻ ഇഷ എത്തുമോ എന്ന വേവലാതി അവന്തികയ്ക്ക് ഉണ്ടായിരുന്നു. അവസാന വട്ട പരിശീലനത്തിന് പോലും സമയം ലഭിച്ചില്ലെങ്കിലും ഉറ്റ സുഹൃത്തിനായി അവൾ ആശുപത്രി കിടക്കയിൽ നിന്നെത്തി. എ ഗ്രേഡ് കൊണ്ട് ഉദ്ധരീയം ചാർത്തിയാണ് ഇഷ തുടർചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മടങ്ങിയത്. ഒപ്പം സ്നേഹവും കരുതലുമായി ഉറ്റ സുഹൃത്തും കൂടെ ഉണ്ട്.