കലോത്സവ വേദിയിൽ തകർത്താടി ബാലാമണിമാർ. ഹൈസ്കൂൾ വിഭാഗത്തിന് പുറമേ ഹയർസെക്കൻഡറി വിഭാഗത്തിലെ സംഘനൃത്തത്തിലും നന്ദനം സിനിമ തന്നെ പ്രമേയമായി.
ബ്ലൗസും പാവാടയും അണിഞ്ഞു പെൺകുട്ടികൾ വേദിയിൽ എത്തിയപ്പോഴേ കാര്യം പിടികിട്ടി. ഹൈസ്കൂൾ വിഭാഗത്തിന്റെ നന്ദനം സംഘനൃത്തം സമൂഹമാധ്യമങ്ങളിൽ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്. അത് നേരിട്ട് കാണാത്തവർക്ക് നന്ദനം സിനിമ നൃത്തരൂപത്തിൽ കാണാൻ വീണ്ടും അവസരം.
സിനിമയിലെ ഡയലോഗുകൾ ഇടയ്ക്ക് കേട്ടതോടെ കയ്യടി കൂടി. വേഷത്തിലും ചുവടുകളിലും മികച്ചു നിന്നു മറ്റു ടീമുകളും. പെൺകുട്ടികൾക്ക് എതിരായ അക്രമം, പെണ്ണിന്റെ നിസ്സഹായ അവസ്ഥ, ദേവസങ്കല്പം തുടങ്ങി പതിവ് വിഷയങ്ങളും.
പ്രധാന വേദി സൂര്യകാന്തി തിങ്ങിനിറഞ്ഞു. ഇരിപ്പിടങ്ങൾ കിട്ടാതെ പലരും നിന്നുകൊണ്ടാണ് മത്സരം ആസ്വദിച്ചത്.