ഭര്‍ത്താവിന്റേയും മകളുടേയും മരണവിവരമറിയാതെ യുവതി വീടിനു പുറത്തെ വരാന്തയിലിരുന്നത് ഒരു രാത്രി മുഴുവന്‍. കഴിഞ്ഞ ദിവസമാണ് അച്ഛനേയും ആറ് വയസുള്ള മകളേയും എളമക്കരയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ പാണാവള്ളി ആഞ്ഞിലിത്തുരുത്തില്‍ പവിശങ്കറും(33) മകളുമാണ് മരിച്ചത്. പവിശങ്കറിനെ തൂങ്ങി മരിച്ച നിലയിലും മകളെ കട്ടിലില്‍ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
മകളെ കൊലപ്പെടുത്തിയ ശേഷം പവിശങ്കര്‍ ആത്മഹത്യ ചെയ്തെന്നാണ് കരുതുന്നത്. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. സാമ്പത്തിക പ്രശ്നങ്ങളെത്തുടര്‍ന്ന് ഏറെ നാളായി പവിശങ്കര്‍ അസ്വസ്ഥനായിരുന്നു എന്നാണ് അറിയുന്നത്. വായ്പയെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഭാര്യ സ്നാഷയുമായി ഫോണിലൂടെ തര്‍ക്കമുണ്ടായിരുന്നു. സംഭവം നടക്കുമ്പോള്‍ സ്നാഷ പൂത്തോട്ടയിലെ സ്വന്തം വീട്ടിലായിരുന്നു.
വ്യാഴാഴ്ച സന്ധ്യയോടെ ഞാനും മകളും പോവുകയാണെന്ന് പവിശങ്കര്‍ ഭാര്യയ്ക്ക് സന്ദേശമയച്ചു. അതുകണ്ടു ഭയന്ന സ്നാഷ രാത്രിയോടെ എളമക്കരയിലെ വീട്ടിലേക്ക് പാഞ്ഞെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. സംശയിച്ച പോലെയാവില്ല പുറത്തേക്ക് പോകുന്നുവെന്നാവും പറഞ്ഞതെന്ന് സ്നാഷയും കരുതി.
പവിയും മകളും പുറത്തുപോയി വരട്ടേയെന്ന് കരുതി വീടിന്റെ പുറംവരാന്തയിലിരുന്ന് സ്നാഷ നേരം വെളുപ്പിച്ചു. രാവിലേയും ഫോണെടുക്കാതിരുന്നതോടെ സംശയം തോന്നി ബന്ധുവിനെ വിളിച്ചുവരുത്തി. വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി പരിശോധിച്ചപ്പോഴാണ് പവിയേയും കുട്ടിയേയും കണ്ടത്.
വിവരം അറിഞ്ഞെത്തിയ എളമക്കര പൊലീസ് ഇരുവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹങ്ങള്‍ കളമശേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കുട്ടിയുടെ മരണകാരണം മനസ്സിലാക്കാന്‍ കഴിയുള്ളൂ. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പാണാവള്ളിയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും.