ശബരിമലയിലെ പഴയ കൊടിമരത്തില്‍ നിന്ന് നീക്കം ചെയ്ത വാജിവാഹനം തന്ത്രിക്ക് കൈമാറിയത് പാരമ്പര്യവിധിപ്രകാരമെന്ന് രേഖകള്‍. കൈമാറ്റം നടന്നത് അഡ്വക്കറ്റ് കമ്മിഷണറുടെ സാന്നിധ്യത്തിലായിരുന്നു. 2017ല്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. ഹൈക്കോടതി റിപ്പോര്‍ട്ട് അംഗീകരിച്ചു
ഇതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാഫലം വിഎസ്എസ്‌സി എസ്ഐടിക്ക് കൈമാറി. ശബരിമലയിലെ യഥാര്‍ത്ഥ ദ്വാരപാലക ശില്‍പ്പപാളികളും കട്ടിളപ്പാളികളും പൂര്‍ണായി വിറ്റോ? നിലവിലുള്ളത് യഥാര്‍ത്ഥ പാളിയാണോ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തരുന്ന ശാസ്ത്രീയ പരിശോധനാഫം എസ്.ഐ.ടി പരിശോധിക്കുകയാണ്. തിങ്കളാഴ്ച ഇടക്കാല റിപ്പോര്‍ട്ടിനൊപ്പം ഹൈക്കോടതിക്ക് കൈമാറും
Also Read: ക്ഷേത്രവസ്തുക്കള്‍ക്ക് അവകാശമില്ലെന്ന ഉത്തരവ് തന്ത്രി അറിഞ്ഞിരുന്നു; വെളിപ്പെടുത്തല്‍
കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍അംഗം കെ.പി.ശങ്കരദാസിനെ ആശുപത്രി മാറ്റി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കെ.പി.ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് മാറ്റിയത്. സ്വകാര്യാശുപത്രിയിലെ ഐസിയുവില്‍ ചികില്‍സയിലായിരുന്ന ശങ്കരദാസിനെ റൂമിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് SIT ആശുപത്രിയിലെത്തി അറസ്റ്റു ചെയ്തത്. സ്വകാര്യാശുപത്രിയില്‍ റിമാന്‍ഡിലായിരുന്ന ശങ്കരദാസിനെ ജയില്‍ അധികൃതരെത്തിയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത് .
വാജീവാഹനം നിയമംലംഘിച്ച് തന്ത്രിക്ക് കൈമാറിയതില്‍ ഒതുങ്ങുന്നതല്ല, 2017ലെ ദേവസ്വം ബോര്‍ഡിന്‍റെ വഴിവിട്ട നടപടിയെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. 1971 മുതല്‍ സന്നിധാനത്തുണ്ടായിരുന്ന കോണ്‍ക്രീറ്റ് കൊടിമരത്തിന് ബലക്ഷയമെന്ന പേരിലാണ് മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിനായി ദേവസ്വം ബോര്‍ഡ് വ്യാപകപണപ്പിരിവ് നടത്തിയെങ്കിലും കണക്കില്ല. പഴയ കൊടിമരത്തിലെ അഷ്ടദിക് പാലകരടക്കമുള്ള രൂപങ്ങള്‍ എവിടെയെന്ന് ഉറപ്പില്ല. സ്വര്‍ണം ഉള്‍പ്പടെയുള്ളവ എവിടെയെന്ന് ഉറപ്പിക്കുന്ന രേഖകളുമില്ല. അതിനൊപ്പമാണ് വാജീവാഹനം എട്ട് വര്‍ഷത്തോളം തന്ത്രി കൈവശം വെച്ചത്. ഈ കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനും കോടതി നിര്‍ദേശിച്ചാല്‍ കേസെടുത്ത് അന്വേഷിക്കാനുമാണ് തീരുമാനം. കേസെടുത്താല്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച 2016 കാലത്തെ ദേവസ്വം ബോര്‍ഡ് പ്രതിയാകും. അജയ് തറയിലിനെയടക്കം ചോദ്യം ചെയ്യും. എന്നാല്‍ അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം.