വാജിവാഹനം ഉള്‍പ്പടെ ക്ഷേത്രങ്ങളിലെ ഒരുവസ്തുക്കള്‍ക്കും തന്ത്രിക്ക് അവകാശമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയത് തന്ത്രിയുടെ അറിവോടെയെന്ന് വെളിപ്പെടുത്തല്‍. ഇക്കാര്യം തന്ത്രിമാരുടെ യോഗം വിളിച്ച് വ്യക്തമാക്കിയിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എം. രാജഗോപാലന്‍ നായര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വാജി വാഹനമുള്‍പ്പടെയുള്ളവ പരമ്പരാഗതമായി തന്ത്രിക്ക് കൈമാറാമെന്ന് ദേവസ്വം മാന്വലിലും പറയുന്നില്ല.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഉപയോഗം കഴിഞ്ഞ ശേഷമോ, മിച്ചംവരുന്നതോ ആയ വസ്തുവകകളില്‍ തന്ത്രിമാര്‍ക്ക് അവകാശമില്ലെന്ന് 2012 ല്‍ ഉത്തരവിറക്കിയിരുന്നുവെന്നും ഇക്കാര്യം തന്ത്രിമാരുടെ യോഗത്തെ അറിയിച്ചിരുന്നുവെന്നും രാജഗോപാലന്‍ നായര്‍ വ്യക്തമാക്കുന്നു. 2017 ല്‍ ശബരിമലയില്‍ കൊടിമരം പുതുക്കിയപ്പോള്‍ പഴയവാജി വാഹനം തന്ത്രിക്ക് കൈമാറിയത് ബോര്‍ഡ് ഭരണാധികാരികളുടെ അറിവില്ലായ്മയാകാം. പമ്പരാഗതമായി തന്നെ ക്ഷേത്രസ്വത്തില്‍ തന്ത്രിക്ക് അവകാശമുണ്ടെന്ന് ദേവസ്വം സംഹിതകളില്‍ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊടിമരം മാറ്റി സ്ഥാപിക്കുമ്പോള്‍ പഴയ കൊടിമരത്തിന് മുകളിലെ വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്ന് തന്ത്രസമുച്ചയത്തില്‍ പറയുന്നുണ്ടെന്നായിരുന്നു ഉയര്‍ന്ന വാദം. എന്നാല്‍ ഭൗതിക വസ്തുക്കള്‍ ദേവസ്വം സ്വത്തായി സൂക്ഷിക്കണമെന്ന് 2012ലെ ഉത്തരവില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മറികടന്നാണ് തന്ത്രിക്ക് 2017ല്‍ വാജിവാഹനം കൈമാറിയത്. പുതിയ കൊടിമരം സ്ഥാപിച്ചപ്പോഴായിരുന്നു വാജിവാഹനക്കൈമാറ്റം. എന്നാല്‍ ശബരിമലയിലെ വാജിവാഹനം ഹൈദരാബാദിലെ വ്യവസായിക്ക് കൈമാറിയതായി പിന്നീട് ആരോപണം ഉയര്‍ന്നു. ഇതോടെ വാജിവാഹനം തന്‍റെ വീട്ടിലുണ്ടെന്നും ഇത് തിരികെ എടുക്കണമെന്നും തന്ത്രി അഭ്യര്‍ഥിച്ചു. ഒടുവില്‍ തന്ത്രി അറസ്റ്റിലായതിന് പിന്നാലെയാണ് വാജിവാഹനം പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
അതേസമയം, വാജി വാഹന കൈമാറ്റത്തിന് ഇടയാക്കിയ 2017ലെ ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയിൽ കേസെടുത്തേക്കും.കൊടിമരം പുനഃസ്ഥാപിക്കാൻ എടുത്ത തീരുമാനം മുതൽ വാജി വാഹന കൈമാറ്റം വരെ സംശയകരമെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. കൊടിമര നിർമ്മാണത്തിന് എന്ന പേരിൽ 2016ലെ ദേവസ്വം ബോർഡ് വ്യാപകമായി പണം പിരിച്ചു. പഴയ കൊടിമരത്തിൽ ഉണ്ടായിരുന്ന സ്വർണ്ണത്തിന്റെ അളവിലും അഷ്ടദിക് പാലകർ ഉൾപ്പെടെയുള്ള വസ്തുക്കളുടെ കാര്യത്തിലും വ്യക്തതയില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി റിപ്പോർട്ട് നൽകും. കോടതി അനുവദിച്ചാൽ കേസെടുത്ത് അന്വേഷിക്കാനാണ് തീരുമാനം. കേസെടുത്താൽ പ്രയാർ ഗോപാലകൃഷ്ണന്റെയും അജയ് തറയിലിന്റേയും നേതൃത്വത്തിലുള്ള ദേവസ്വം ബോർഡ് പ്രതിസ്ഥാനത്താകും.