payyannur-bus

പയ്യന്നൂരില്‍ ബസില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച യുവതിക്കെതിരെ  കടുത്ത സൈബര്‍ ആക്രമണം. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും  ബസ് സ്റ്റാന്‍ഡിലേക്ക്  ബസില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം. മറ്റൊരു പെണ്‍കുട്ടിക്കുണ്ടായ ദുരനുഭവം കണ്ടാണ് വിഡിയോ പകര്‍ത്താന്‍ തുടങ്ങിയത് . അയാള്‍ അത് കണ്ടതോടെ തന്നെയും മോശമായി സ്പര്‍ശിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞു 

സമൂഹത്തിനു വിട്ട് തന്നിരിക്കുന്നു എന്ന് പറഞ്ഞാണ് പെണ്‍കുട്ടി വിഡിയോ പങ്കുവച്ചത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പയ്യന്നൂർ ബസ് സ്റ്റാന്റിലേക്കുള്ള ബസിൽ കേറിയപ്പോൾ മുതൽ മുന്നിൽ നില്‍ക്കുന്ന പെണ്‍കുട്ടിയ്ക്കുള്ള അസ്വസ്ഥത കണ്ടിട്ട് ഞാൻ വിഡിയോ ഓൺ ചെയ്തു വച്ചു. അത് അയാള്‍ കണ്ടിട്ടുണ്ടായിരുന്നു. പക്ഷെ അങ്ങേരു അവസരങ്ങൾക്കായി  കാത്തു നില്‍ക്കുകയായിരുന്നു. ബസ് നിർത്തി ഇറങ്ങാൻ സമയം ആ കൈകൾ അറിയാതെ എനിക്ക് നേരെയും വന്നു. ഞാൻ ചോദിച്ചു തുടങ്ങിപ്പോഴേക്കും ആള് പെട്ടെന്ന്  ഇറങ്ങി  ഓടി കളഞ്ഞു. ഈ മാന്യനെ  അറിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണേ എന്നും വിഡിയോക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 

എന്നാല്‍ ഈ വിഡിയോ പുറത്തുവന്നതിന് പിന്നാലെ യുവതിക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം ആണ് നടക്കുന്നത്. മനപ്പൂര്‍വം അവസരം ഉണ്ടാക്കികൊടുത്തെന്നും കണ്ടന്‍റിന് വേണ്ടിയും റീച്ചിന് വേണ്ടിയുമാണെന്നുമാണ് കമന്‍റുകള്‍ വന്നത്. സഭ്യതയില്ലാത്ത പ്രതികരണ ങ്ങളും  അസഭ്യവും വേറെ. ഇതോടെ വിഡിയോയില്‍ കൂടുതല്‍ വ്യക്തത വരുത്തി യുവതി മറ്റൊരു പോസ്റ്റ് കൂടി പങ്കുവച്ചു. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടും ഇയാള്‍ സ്പര്‍ശിക്കുന്നത് വിഡിയോയില്‍ കാണാം. 

'ഞരമ്പ് രോഗികൾക്കും ഫാൻസുള്ള നാടാണ് സാറേ ഇത്.. കുറച്ച് മുമ്പ് ബസിൽ ഒരു വ്യക്‌തിയുടെ ഞരമ്പ് രോഗത്തിനു ഇരയായ ഞാൻ പ്രസ്തുത സംഭവം വീഡിയോ അടക്കം പോസ്റ്റ് ചെയ്തിരുന്നു.. വളരെ മോശമായ രീതിയിലാണ് പലരും എന്നെ  ആക്രമിച്ചത്..

ഈ വിഡിയോ കാണുക.. ആദ്യം അറിയാതെ തട്ടിയ അയാൾ രണ്ടാമത് അറിഞ്ഞു തന്നെയാണ് തട്ടിയത്.. എന്നെ നോക്കിയതിന് ശേഷമാണ് മാറിടത്തിൽ കൈമുട്ട് കൊണ്ട് ഉരസാൻ ശ്രമിക്കുന്നത്.. പീഡകർക്കും, ഞരമ്പ് രോഗികൾക്കുമുള്ളതാണ് ലോകമെങ്കിൽ എനിക്ക് മറുപടിയില്ല.. ഇത് മനുഷ്യർ കാണാനാണ്.. മാന്യതയുടെ മുഖംമൂടിക്കുള്ളിലെ മൃഗം ഉണരുന്നത് നാട്ടുകാരെ കാണിക്കാനാണ്..

എത്ര വിമർശിച്ചാലും തെറികൾ വിളിച്ചാലും എൻ്റെ ശരിയിൽ, ഞാൻ അനുഭവിച്ചതിൽ  ഉറച്ച് നിൽക്കും,' യുവതി പോസ്റ്റില്‍ പറഞ്ഞു. 

ENGLISH SUMMARY:

Payyannur bus harassment case sparks cyber attack. A young woman who shared her experience of harassment on a bus in Payyannur is facing severe cyberbullying.