vd-satheesan

ദൈവദശകം കേരളത്തിന്‍റെ പ്രാര്‍ത്ഥനാഗാനമാക്കണമെന്ന് ശിവഗിരി മഠം. മഠം സന്ദര്‍ശിച്ച മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിലാണ് ആവശ്യം ഉന്നയിച്ചത്. ശിവഗിരി രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉറപ്പ് നല്‍കി. 

മുഖ്യമന്ത്രിയായ ശേഷം  ആദ്യമായാണ് വി.ഡി.സതീശന്‍ ശിവഗിരിയിലെത്തുന്നത്. സമാധി മന്ദിരത്തില്‍ പ്രാര്‍ത്ഥിച്ചു. തിരഞ്ഞെടുപ്പില്‍ ശിവഗിരി മഠം യു.ഡി.എഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭാ രൂപീകരണത്തിലടക്കം ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. ഇതിനെല്ലാം ശേഷം ആദ്യമായി നേരില്‍ കണ്ടപ്പോള്‍ മഠം ഭാരവാഹികളുമായി മുഖ്യമന്ത്രി പതിനഞ്ച് മിനിറ്റോളം ചര്‍ച്ചയും നടത്തി.

ശ്രീനാരായണ ഗുരു സ്വപ്നം കണ്ട കേരളം യാഥാര്‍ത്ഥ്യമാക്കുകയാണ് യു.ഡി.എഫ് സര്‍ക്കാരിന്‍റെയും ലക്ഷ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി ശിവഗരി മഠത്തിനായി തീര്‍ത്ഥാടന പദ്ധതിയും പ്രഖ്യാപിച്ചു. മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഗുരു രചിച്ച ദൈവദശകം കേരളത്തിന്‍റെ ഔദ്യോഗിക പ്രാര്‍ത്ഥനാ ഗാനമായി പ്രഖ്യാപിക്കണമെന്ന് മഠം ആവശ്യപ്പെട്ടു. മദ്യവിമുക്ത പ്രവര്‍ത്തനത്തിനുള്ള സഹായവും ശിവഗിരി മഠത്തിന് മുന്നിലെ കനാലിന്‍റെ മുകള്‍ വശം കോണ്‍ക്രീറ്റ് ചെയ്ത് പാര്‍ക്കിങ് കേന്ദ്രമാക്കണമെന്ന ആവശ്യവും നിവേദനത്തില്‍  ഉന്നയിച്ചു.

ENGLISH SUMMARY:

Sivagiri Mutt has formally requested that Devo Dashakam be declared the official prayer song of Kerala. This demand was presented to Chief Minister V.D. Satheesan during his visit, where he also pledged to develop Sivagiri into an international pilgrimage destination.