പാലക്കാട് യാക്കരയില്‍ ജനവാസമേഖലയില്‍ ഭക്ഷണത്തില്‍ വിഷംവച്ച് നായ്ക്കളെ കൊലപ്പെടുത്തിയെന്ന് നാട്ടുകാര്‍. കണ്ണമ്പരിയാരത്ത് 25ല്‍ അധികം തെരുവുനായ്ക്കളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കണ്ണമ്പരിയാരം പ്രദേശത്തെ വിവിധ ഭാഗങ്ങളിലായി തെരുനായ്ക്കളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ വളര്‍ത്തുനായയുള്‍പ്പെടെ വിഷം ഉള്ളില്‍ ചെന്ന് ചത്തു. ഇതോടെ നായ്ക്കള്‍ക്ക് വിഷംവച്ച് നല്‍കിയതാണെന്നും പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.
പ്രദേശത്ത് തെരുവുനായ്ക്കള്‍ ഉണ്ടെങ്കിലും അവ ഉപദ്രവകാരികളായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ചത്ത നായ്ക്കളെ മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ സംസ്കരിച്ചു. സംഭവത്തില്‍ ടൗണ്‍ സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി.