വടക്കൻ കേരളത്തിന്റെ അറ്റത്തുനിന്ന് ഗോത്ര കലയുടെ പാരമ്പര്യം നെഞ്ചേറ്റി ഇക്കുറിയും മംഗലം കളി വേദി നിറഞ്ഞു. മത്സരവേദിയിൽ കണ്ടത് കടുംതുടി താളത്തിൽ ചുവടുവെക്കുന്ന മണ്ണിന്റെ മക്കളെ തന്നെയാണ്. അക്കൂട്ടത്തിൽ കാടിന്റെ മക്കളും ഉണ്ടായിരുന്നു.
പുറംലോകത്തെ പകിട്ടിൽനിന്നും സൗകര്യങ്ങളിൽനിന്നും ദൂരെ മാറി കഴിയുന്ന കാടിന്റെ മക്കൾ. മൃഗങ്ങളും കൊടുങ്കാറ്റും കാട്ടിലൂടെയുള്ള നടപ്പും ഒക്കെയായിരുന്നു അവരുടെ അവരുടെ ലോകം. – താമരവെള്ളച്ചാൽ ഉന്നതിയുടെ, കാടിന്റെ മക്കളും കാടിന്നരികെയുള്ളവരും. കാടിന്റെ ശബ്ദങ്ങളാണ് അവരുടെ സ്വരം, വൈദ്യുതിപോലുമില്ലാത്ത കാലത്ത് തീപ്പന്തങ്ങളുടെ വെട്ടത്തിൽ ആടിയിരുന്ന കോലങ്ങൾ പകർന്നു നല‍്കിയതായിരുന്നു അവരുടെ താളം..
പുറത്ത് വലിയൊരു ലോകമുണ്ടെന്ന് അവരെ പഠിപ്പിച്ചത് സ്കൂളാണ്. പക്ഷേ, പുറംലോകത്തിന്റെ കലകളോളം, അല്ലെങ്കിൽ അതിനേക്കാൾ മികച്ചതാണ് തങ്ങളുടെ കയ്യിലെ പാട്ടും നൃത്തവും എന്നു പഠിപ്പിച്ചത് മറ്റൊന്നാണ്..
മലബാറിന്റെ ഉന്നതികളിൽ പിറവികൊണ്ട മാവിലാൻ സമുദായത്തിനറെ മംഗലംകളി കാടും മേടും കടന്ന് പീച്ചിക്കടുത്തുള്ള താമരവെള്ളച്ചാൽ കാട്ടിലെ ഉന്നതിയിൽ എത്തിയിരിക്കുന്നു. അതിന്റെ കാരണം ഇവരാണ്.. തൃശൂർ പീച്ചി ജിഎച്ച്എസ് സ്കൂളിലെ മംഗലം കളിക്കൂട്ടം.
കാട്ടുവഴികൾ താണ്ടി പള്ളിക്കൂടത്തിലെത്തിയവർ, പഠിച്ചു വലുതാകാൻ സ്വപ്നം കാണുന്നവർ. നാട്ടുവഴികൾ താണ്ടി തൃശൂർ ശക്തന്റെ മണ്ണിലെത്തിയത് ഈ മംഗലം കളിയുടെ കൈപിടിച്ചാണ്. നഗരംകണ്ട്, അതിന്റെ തിരക്കിലൂടെ തല ഉയർത്തിപ്പിടിച്ചു നടന്ന്, നഗരത്തിന്റെ മഞ്ഞവെളിച്ചമുള്ള വേദിയിൽ കയറിയപ്പോൾ വൈദ്യുതിപോലുമില്ലാത്ത കുടികളിലെ പഴയകാലമാണ് അവരുടെ പാട്ടിന് കരുത്തായത്. നിറഞ്ഞ മനസ്സോടെ പെരുംതുടി താളത്തിനൊപ്പം ചുവടുകൾ. ഉന്നതിയിൽ പൂവിടുന്ന സന്തോഷനേരങ്ങളിൽ ഒത്തുകൂടി പാടിക്കളിക്കുന്ന വിനോദനൃത്തം അതിലേറെ ആനന്ദത്തോടെ നഗരത്തിലെ വേദിയിൽ... നോക്കണേ.. അവരുടെ മുഖത്ത് സന്തോഷം ഇങ്ങനെ താമരവെള്ളച്ചാലിലെ തെളിനീരൊഴുക്കുപോലെ വന്നു നിറയുന്നത്...