ഗതാഗതക്കുരുക്കില്‍ കുടുങ്ങി ആംബുലന്‍സിന് കൃത്യസമയത്ത് ആശുപത്രിയിലെത്താനാകാതെ രോഗികള്‍ മരണത്തിന് കീഴടങ്ങുന്നത് നാട്ടില്‍ പതിവാണ്. ഇതിന് എന്താണൊരു പരിഹാരം.. വഴിയുണ്ടെന്ന് പറയുന്നു ഒരു ഒമ്പതാം ക്ലാസുകാരന്‍. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ അബ്ദുല്‍ ഹാദിയാണ് പുത്തന്‍ സാങ്കേതികവിദ്യയുടെ ചെറുരൂപം നിര്‍മിച്ചത്.
നിരത്തുകളില്‍ ജീവന്‍ പൊലിയുന്നതു പോലെ, ആംബുലന്‍സുകളില്‍ കിടന്ന് അവസാനശ്വാസമെടുക്കേണ്ടിവന്ന അനേകം മനുഷ്യരുണ്ട്. വികസിപ്പിച്ചെടുത്താല്‍ വലിയ മാറ്റത്തിന് സാധ്യതയുള്ള കണ്ടുപിടുത്തമാണ് 14കാരനായ ഹാദിയുടെ മികവില്‍ നിന്ന് പുറത്തുവന്നത്. സ്കൂള്‍ ശാസ്ത്രമേളയിലടക്കം വലിയ പ്രശംസ ഈ കണ്ടുപിടുത്തത്തിലൂടെ ഹാദി നേടിക്കഴിഞ്ഞു. സ്മാര്‍ട്ട് ട്രാഫിക്കെന്നാണ് പേര്.
ആംബുലന്‍സിന് വഴിയൊരുക്കാന്‍ മാത്രമല്ല, ആശുപത്രിയിലെത്തുംമുമ്പേ രോഗിയെ കുറിച്ചുള്ള പ്രധാന ആരോഗ്യവിവരങ്ങള്‍ ആശുപത്രിയിലേക്ക് കൈമാറാനും, ആംബുലന്‍സിലെ രോഗിയെ വീഡിയോ കോളിലൂടെ തല്‍സമയം ഡോക്ടര്‍മാര്‍ക്ക് നിരീക്ഷിക്കാനുമുള്ള സ്മാര്‍ട്ട് ആംബുലന്‍സ് സംവിധാനവും അബ്ദുല്‍ ഹാദി വികസിപ്പിച്ചു.
സാങ്കേതികവിദ്യവളരുന്ന കാലത്ത് തന്‍റെ കണ്ടുപിടുത്തം സമൂഹത്തിന് ഗുണകരമാകുംവിധം വികസിപ്പിക്കണമെന്നാണ് ഈ വിദ്യാര്‍ഥിയുടെ സ്വപ്നം. പുതിയ കണ്ടുപിടുത്തങ്ങള്‍ വേറെയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇവയുടെയെല്ലാം പേറ്റന്‍റ് തന്‍റെ പേരില്‍ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് അബ്ദുല്‍ ഹാദി.