മുംബൈയിൽ നിന്ന് 28 മണിക്കൂർകൊണ്ട് 1000 കിലോമീറ്റർ പറന്നു തിരൂരിലെത്തിയ പ്രാവുകളെ പരിചയപ്പെടാം. മലബാർ റേസിങ് പീജിയൻ ക്ലബ്ബ് സംഘടിപ്പിച്ച 1000 കിലോമീറ്റർ പ്രാവ് പറത്തൽ മത്സരത്തിലാണ് മലപ്പുറം തിരൂർ നടുവിലങ്ങാടിയിലെ ഷാനവാസിന്‍റെ പ്രാവുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കിയത്.
മുംബൈയിൽ നിന്ന് പറന്നുയർന്ന പ്രാവുകൾ റെക്കോർഡ് സമയത്തിൽ ലക്ഷ്യത്തിലെത്തി ചരിത്രനേട്ടം സ്വന്തമാക്കുകയായിരുന്നു. വെല്ലുവിളികൾ നിറഞ്ഞ ആകാശപാതയിലൂടെ പറന്ന നവാസിന്‍റെ പ്രാവുകൾ കേരളത്തിലെ തന്നെ ഏറ്റവും മികച്ച സമയക്രമത്തിലാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. 2018 മുതൽ പ്രാവുകളെ പരിശീലിപ്പിക്കുന്നതിൽ സജീവമായ ഷാനവാസ് തന്‍റെ കഠിന പരിശ്രമത്തിനുള്ള അംഗീകാരമായാണ് ഈ വിജയത്തെ കാണുന്നത്.
തൃശൂർ, മലപ്പുറം ജില്ലകളിലെ ക്ലബ്ബുകൾ സംയുക്തമായി നടത്തിയ ഈ മത്സരത്തിൽ 19 ഓളം പ്രാവുവളർത്തൽ പ്രേമികളാണ് പങ്കെടുത്തത്. മുംബൈയിലെ കുഡൂസിൽ നിന്നാണ് മൽസരത്തിനായി പ്രാവുകളെ തുറന്നുവിട്ടത്. ഫെബ്രുവരി 19-ന് വ്യാഴാഴ്ച രാവിലെ 8 മണിക്ക് മുംബൈയിൽ നിന്ന് പറന്നുയർന്ന പ്രാവുകൾ രണ്ടാം ദിവസമായ ഫെബ്രുവരി 20-ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 11:58-ന് തന്നെ തിരൂരിലെ ഷാനവാസിന്‍റെ വീട്ടിൽ തിരിച്ചെത്തിയതോടെയാണ് അംഗീകാരം തേടിയെത്തിയത്.