ഫെനി നൈനാനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ മൂന്നാം അതിജീവിത. തലയും വാലുമില്ലാത്ത ചാറ്റ് പുറത്ത് വിട്ടത് തന്നെ അധിക്ഷേപിക്കാനാണെന്ന് യുവതി മനോരമ ന്യൂസിനോട് പറഞ്ഞു. രാഹുലിനെതിരായ പരാതികള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് ഫെനി തനിക്കെതിരെ വ്യക്തിഹത്യ തുടരുന്നത്. വിശദമായി സംസാരിക്കാന്‍ പാലക്കാട്ടേക്ക് വരണമെന്ന് ആവശ്യപ്പെട്ടത് രാഹുലാണ്. എല്ലാം പറഞ്ഞ് അവസാനിപ്പിക്കാനാണ് താന്‍ ശ്രമിച്ചത്. എന്നാല്‍ രാഹുല്‍ കാണാന്‍ സമ്മതിച്ചില്ല. ഫെനിയെ വിളിക്കാന്‍ പറഞ്ഞു. പുറത്തുവന്നത് സംഭാഷണത്തിന്‍റെ ചെറിയ ഭാഗം മാത്രമാണെന്നും യുവതി പറയുന്നു.
2024 മേയിലാണ് ഗര്‍ഭം അലസിപ്പോയത്. രാഹുല്‍ അങ്ങേയറ്റം സമ്മര്‍ദത്തിലാക്കിയതിന്‍റെയും ട്രോമയിലാക്കിയതിന്‍റെയും ഫലമായിരുന്നു ആ മിസ്‌കാരേജ്. മാനസികമായും ശാരീരികമായും ആകെ തകര്‍ച്ച നേരിട്ട സമയം ആയിരുന്നു. ഇതേ വര്‍ഷം ജൂലൈയിലാണ് ഫെനി ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. ചൂരല്‍മല ഫണ്ട് ശേഖരണത്തിനുള്ള കൂപ്പണ്‍ ചലഞ്ചില്‍ പങ്കെടുക്കണം എന്ന് പറഞ്ഞു. രാഹുലാണ് വിജയിയെ പ്രഖ്യാപിക്കുന്നതെന്നും സമ്മര്‍ദം ചെലുത്തി അത് വാങ്ങിയെടുക്കണമെന്നും തന്നോട് ആവശ്യപ്പെട്ടു. രാഹുലിനെക്കുറിച്ച് നിരന്തരം സംസാരിച്ചതോടെ രാഹുലിന്‍റെ ഭാഗത്ത് നിന്ന് നേരിട്ട ബുദ്ധിമുട്ടുകള്‍ ഫെനിയോട് തുറന്നുപറഞ്ഞു. എല്ലാം കേട്ട ശേഷം ഇതൊന്നും ആരോടും പറയരുതെന്ന് ഫെനി ആവശ്യപ്പെട്ടെന്ന് യുവതി പറഞ്ഞു. ഫെനിയോട് താന്‍ കാര്യങ്ങള്‍ പറഞ്ഞുവെന്ന് അറിഞ്ഞ രാഹുല്‍ വീണ്ടും അധിക്ഷേപിച്ചു. പിന്നീട് പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത്, ഒരുമിച്ചുജീവിക്കണമെന്ന് പറഞ്ഞ് രാഹുല്‍ വീണ്ടും വന്നുവെന്നും യുവതി വെളിപ്പെടുത്തി.
രാഹുലിനോട് വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചത്. അല്ലാതെ ശാരീരികബന്ധത്തിനല്ല. രാഹുലിന്‍റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തും ഓടിച്ചെന്നും ട്രോമയില്‍ കഴിഞ്ഞ തന്നെ ഫെനി തെറ്റിദ്ധരിപ്പിച്ചെന്നും യുവതി വിശദീകരിക്കുന്നു. താന്‍ നേരത്തെ പരാതിപ്പെട്ടിരുന്നുവെങ്കില്‍ മറ്റ് പെണ്‍കുട്ടികള്‍ രാഹുലിന്‍റെ ചതിയില്‍പ്പെടില്ലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വ്യക്തിഹത്യ കണ്ട് പേടിക്കുമെന്ന് ഫെനി കരുതേണ്ടെന്നും അവര്‍ വ്യക്തമാക്കി.
അതിജീവിത തനിക്കയച്ച മെസേജുകളെന്ന പേരില്‍ ഇന്നലെ ഫെയ്സ്ബുക്കിലാണ് ഫെനി നൈനാന്‍ ചാറ്റുകള്‍ പുറത്തുവിട്ടത്. യുവതി രാഹുലിനെ കാണണമെന്ന് പറയുന്നതും പാലക്കാട്ടെ ഫ്ലാറ്റിലേക്കോ അല്ലെങ്കില്‍ യാത്രക്കിടെ കാറില്‍ വച്ചോ സംസാരിക്കാമെന്നായിരുന്നു യുവതി പറഞ്ഞത്. തനിക്കൊപ്പം ഒരു സുഹൃത്തുമുണ്ടാകുമെന്നും അവര്‍ ചാറ്റില്‍ പറഞ്ഞിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും യുവതിക്കെതിരെ സൈബര്‍ ആക്രമണത്തിന് വഴിയൊരുക്കുകയും ചെയ്ത ഫെനിക്കെതിരെ ഇന്നലെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.
അതേസമയം, ബലാൽസംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രതി പലതവണ സമാനമായ കുറ്റകൃത്യം ചെയ്തതെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപെടാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. കേസ് കെട്ടിച്ചമച്ചതെന്നും കേസിന് രാഷ്ട്രീയ ലക്ഷ്യമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. മൂന്നുദിവസത്തെ കസ്റ്റഡിക്ക് ശേഷം ഇന്നലെയാണ് രാഹുലിനെ തിരികെ മാവേലിക്കര ജയിലിൽ എത്തിച്ചത്. ഈ മാസം 24 വരെയാണ് റിമാൻഡ്.