തിരുവനന്തപുരം ചെങ്കോട്ടകോണത്ത് പൊലീസ് ഉദ്യോഗസ്ഥ സംരക്ഷിക്കുന്ന തെരുവ് നായ്ക്കൾ നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയത്തിൽ മേയർ ഇടപെടുന്നു. പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങിയതായി മേയർ വി.വി.രാജേഷ് പറഞ്ഞു. നായകളെ വീട്ടിൽ നിന്ന് മാറ്റുന്ന കാര്യം ആലോചിക്കാൻ ഉടമയായ മെറ്റിൽഡയേയും സ്ഥലത്തെ കൗൺസിലർമാരെയും വിളിച്ച് നാളെ ചർച്ച നടത്തും. കഴക്കൂട്ടം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയായ മെറ്റിൽഡയുടെ തെരുവുനായ വളർത്തൽ നാട്ടുകാർക്ക് ഭീഷണിയാണെന്ന വാർത്ത മനോരമ ന്യൂസ് ആണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
നായകളെ മാറ്റാൻ തയ്യാറാണെന്ന് ഉടമയും അറിയിച്ചു. നായവളര്‍ത്തല്‍ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാണെന്ന ബോധ്യമുണ്ടെന്നും നായകളെ സർക്കാർ ഏറ്റെടുക്കണമെന്നുമാണ് ഉടമ മെറ്റിൽഡയുടെ ആവശ്യം. വീടിന്റെ മതിലിനുള്ളിലിട്ടാണ് വളര്‍ത്തുന്നതെങ്കിലും നായകളുടെ കുരയും ബഹളവും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നായിരുന്നു അയല്‍വാസികളുടെ പരാതി. കുട്ടികള്‍ക്ക് ആ വഴിയേ സ്കൂളില്‍ പോകാന്‍ പേടിയാണെന്നും ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാര്‍ പോലും ഈ ഭാഗത്തേക്ക് വരാന്‍ കൂട്ടാക്കില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.
ജോലിസമയത്ത് തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോയതിന്റെ പേരില്‍ താക്കീത് ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥ കൂടിയാണ് മെറ്റില്‍ഡ. കൗണ്‍സിലര്‍ സിന്ധു ശശിയും പൊലീസ് ഉദ്യോഗസ്ഥ മെറ്റില്‍ഡയും മനോരമ ന്യൂസിനോട് സംസാരിച്ചു.