എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന വിചിത്ര നിർദേശം തള്ളി എം.ബി രാജേഷ്. വിവാദം അനാവശ്യമെന്ന് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. ഇത്തരത്തില്‍ ഒരു ഉത്തരവും നല്‍കിയിട്ടില്ല. മൂന്നരവര്‍ഷം എസ്കോര്‍ട്ട് ഉണ്ടായിരുന്നില്ല. പ്രചരിപ്പിച്ചതിനു പിന്നില്‍ രാഷ്ട്രീയ ലാക്കാണ്. അഴിമതിക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. അതിന്റെ പ്രതികാരമായിരിക്കാം. മന്ത്രി വാഹനത്തിന് എക്സൈസ് ഉദ്യോഗസ്ഥരുടെ അകമ്പടി വേണ്ട. യോഗത്തിൽ ഏതെങ്കിലും തരത്തിലുള്ള നിർദേശം നൽകിയിട്ടുണ്ടെങ്കിൽ തിരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എക്സൈസ് കമ്മീഷണർ എം.ആർ അജിത് കുമാറിന്റെ വിചിത്ര പരിഷ്കാരം വിവാദമായതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം. 

Also Read: ഉദ്യോഗസ്ഥർ എക്സൈസ് മന്ത്രിക്ക് എസ്കോർട്ട് പോകണം; വിചിത്ര ഉത്തരവുമായി കമ്മീഷണര്‍


വിചിത്ര നിർദേശം മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മന്ത്രി എക്സൈസ് കമ്മിഷണറോട് നിർദേശമുണ്ടെങ്കിൽ പിൻവലിക്കാൻ ആവശ്യപ്പെട്ടത് . എക്സൈസ് കമ്മിഷണർ എം.ആർ അജിത് കുമാർ മന്ത്രിയുടെ അറിവില്ലാതെയാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത് . അതേസമയം, ഉത്തരവല്ലെന്നും ഉദ്യോഗസ്ഥരുടെ യോഗത്തിലുയർന്ന അഭിപ്രായം മാത്രമെന്നുമായിരുന്നു എക്സൈസ് കമ്മിഷണര്‍ എംആര്‍ അജിത് കുമാറിന്റെ വിശദീകരണം. 

എക്സൈസ് ഉദ്യോഗസ്ഥർ എക്സൈസ് മന്ത്രിക്ക് എസ്കോർട്ട് പോകണമെന്നായിരുന്നു കമ്മീഷണറുടെ ഉത്തരവ്. മന്ത്രിയുടെ പരിപാടി നടക്കുന്ന ജില്ലകളിലെല്ലാം അതത് ജില്ലകളിലെ ഉദ്യോഗസ്ഥർ മന്ത്രിക്ക് എസ്കോർട്ട് നൽകണം . ഇന്നലെ ചേർന്ന ഡെപ്യൂട്ടി കമ്മീഷണർ മാരുടെയും ജോയിൻ്റ് കമ്മീഷണർമാരുടെയും യോഗത്തിലാണ്  നിർദേശം നൽകിയത്. ആവശ്യത്തിന് ഉദ്യോഗസ്ഥരോ വാഹനങ്ങളോ ഇല്ലാതെ എക്സൈസ് നട്ടം തിരിയുമ്പോഴാണ് കമ്മീഷണറുടെ നിർദേശം. 

മന്ത്രിക്ക് എസ്കോർട്ട് നൽകുന്ന ദിവസം എൻഫോഴ്സ്മെന്റ് നടപടികൾ വേണ്ടെന്നും കമ്മീഷണർ നിര്‍ദേശിച്ചു. ഇന്നലെ ചേർന്ന യോഗത്തിന്റെ മിനുറ്റ്സിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തി. 

ENGLISH SUMMARY:

Excise minister escort controversy arises as MB Rajesh rejects the escort proposal for the excise minister. The minister clarified that no such order was issued, and the controversy is unnecessary.