Image Credit: Facebook.com/fenni.ninan
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ അതിജീവിതയ്ക്ക് നേരെ സൈബർ അധിക്ഷേപം നടത്തിയ രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസ്. സൈബർ പൊലീസാണ് ഫെനിക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ ചാറ്റുകൾ ഉൾപ്പെടെ പരസ്യമാക്കിയ നടപടിയിലാണ് കേസ്.
അതേസമയം ബലാൽസംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് റിമാന്‍ഡ്. പ്രതിഷേധങ്ങൾക്കിടെ നടന്ന തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയത്.
അന്വേഷണത്തോട് പൂർണ്ണമായും നിസ്സഹകരിക്കുന്ന രാഹുലിന് വേണ്ടി എസ്ഐടി വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയില്ല. മെഡിക്കൽ പരിശോധനകൾക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ പ്രതിഷേധമുണ്ടായില്ലെങ്കിലും ജയിലിൽ പ്രവേശിക്കുമ്പോൾ രാഹുലിനുനേരെ മുട്ടയേറുണ്ടായി. കേസിൽ നിർണായക തെളിവാകുമെന്ന് പ്രതീക്ഷിക്കുന്ന ലാപ്ടോപ്പ് കണ്ടെത്താൻ എസ്ഐടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
അതേസമയം 2024 ഏപ്രിലിൽ ബലാൽസംഗത്തിന് ഇരയായ യുവതി രണ്ടുമാസം മുൻപും രാഹുലിനെ സ്വകാര്യമായി കാണണമെന്നാവശ്യപ്പെട്ടതായി ഫെന്നി നൈനാൻ ആരോപിച്ചു. എംഎൽഎ ബോർഡ് വെച്ച വണ്ടി വേണ്ടെന്നും സ്വകാര്യ വാഹനത്തിൽ റൈഡ് പോകാം എന്നും പറയുന്ന ചാറ്റുകൾ യുവതിയുടേതെന്ന പേരിൽ ഫെന്നി ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. രാഹുലിന്റെ ജാമ്യാപേക്ഷ തിരുവല്ല കോടതി നാളെ പരിഗണിക്കും.