തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലിൽ വന്ന കാര്യം സമ്മതിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 408 നമ്പർ റൂമും തിരിച്ചറിഞ്ഞു. യുവതിയുമായി സംസാരിക്കാനാണ് എത്തിയതെന്ന് രാഹുൽ. പീഡിപ്പിച്ചെന്ന പരാതിയിൽ മറുപടിയില്ല. രാഹുൽ ബി.ആര്‍. എന്ന റജിസ്റ്ററിലെ പേരും നിർണായക തെളിവെന്ന് പ്രത്യേക അന്വേഷണം സംഘം.
ബലാൽസംഗക്കേസിൽ കസ്റ്റഡിയിലെടുത്ത രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പ് നടത്തി എസ്‌ഐടി സംഘം. പീഡനം നടന്ന തിരുവല്ലയിലെ ക്ലബ് സെവന്‍ ഹോട്ടലിലെ 408ാം നമ്പര്‍ മുറിയിലെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പ് 15 മിനിറ്റ് നീണ്ടുനിന്നു. കനത്ത സുരക്ഷയിലായിരുന്നു രാവിലെ ആറരയോടെ തെളിവെടുപ്പ്. രാഹുലിനെ തിരികെ പത്തനംതിട്ട എ.ആര്‍.ക്യാംപിലേക്ക് കൊണ്ടുപോയി.
അതേസമയം രാഹുൽ അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ല. മൂന്നുദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. കേസിന് രാഷ്ട്രീയ ലക്ഷ്യമെന്നും നിയമനടപടി പാലിക്കാതെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എംഎൽഎയെ കൊണ്ട് നടന്ന് പ്രദർശിപ്പിക്കാനാണ് എസ്ഐടിയുടെ ശ്രമമെന്നും പ്രതിഭാഗംവാദിച്ചു. വാദം തള്ളിയ മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടെത്താനുണ്ടെന്ന എസ്‌ഐടിയുടെ ആവശ്യം അംഗീകരിച്ച് പ്രതിയെ മൂന്നുദിവസം കസ്റ്റഡിയിൽ വിട്ടു.
പത്തനംതിട്ട എആർ ക്യാംപിലെത്തിച്ച രാഹുൽ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. പാലക്കാടും അടൂരിലെ രാഹുലിന്റെ വീട്ടിലും തെളിവെടുപ്പ് നടത്താനാണ് നീക്കം. ജാമ്യാപേക്ഷ തിരുവല്ല കോടതി വെള്ളിയാഴ്ച പരിഗണിക്കും.