പീഡനക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ രണ്ടാമത്തെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് പ്രത്യേക അന്വേഷണ സംഘം (SIT) പരിശോധന നടത്തിയത്. ഈ ഫോൺ ലഭിച്ചതോടെ പാലക്കാട് നടത്താനിരുന്ന നേരിട്ടുള്ള തെളിവെടുപ്പ് ഒഴിവാക്കിയേക്കുമെന്നാണ് സൂചന.
പരാതിക്കാരിയുടെ നഗ്നവീഡിയോകൾ രാഹുൽ മൊബൈലിൽ പകർത്തിയെന്ന ആരോപണത്തിൽ വ്യക്തത വരുത്താനാണ് പ്രധാനമായും ശ്രമിക്കുന്നത്. കണ്ടെടുത്ത ഫോൺ പരിശോധനയ്ക്ക് അയക്കും. രാഹുൽ കൂടുതൽ ഫോണുകൾ ഉപയോഗിച്ചിരുന്നതായി പൊലീസിന് സംശയമുണ്ട്. എന്നാൽ ചോദ്യം ചെയ്യലിൽ ഫോണുകളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് രാഹുൽ ഒഴിഞ്ഞുമാറുന്നതായാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.
രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ഹോട്ടലിൽ നേരിട്ട് എത്തിച്ച് തെളിവെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഹോട്ടലിൽ നിന്ന് രണ്ടാമത്തെ ഫോൺ ലഭിച്ച സാഹചര്യത്തിൽ, ഇനി നേരിട്ടുള്ള തെളിവെടുപ്പിന്റെ ആവശ്യമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.