കാസര്‍കോട് കുമ്പളയില്‍ ദേശീയപാതാ ടോള്‍പിരിവ് തുടരും. കലക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ടോള്‍ പിരിവിനെതിരെ സമരം തുടരുമെന്ന് എ.കെ.എം അഷ്റഫ് എംഎല്‍എ വ്യക്തമാക്കി. നിലവിലുള്ള തലപ്പാടി ടോളിൽ നിന്ന് 22 കിലോമീറ്റർ ദൂരത്ത് ബൂത്ത് സ്ഥാപിക്കുന്നതിനെതിരെയാണ് സമരസമിതി പ്രതിഷേധം. 60 കിലോമീറ്റർ ദൂരം എന്നാണ് വ്യവസ്ഥ എങ്കിലും കുമ്പളയിലെ ടോൾ ബൂത്ത് താൽക്കാലികം എന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം.
Also Read: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ട്രയൽ റൺ തുടങ്ങി; 5 ദിവസം പണമീടാക്കില്ല, പ്രതിഷേധം
കുമ്പള ആരിക്കാടി ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നതിനെതിരെ എംഎൽഎയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ജനകീയ സമരം നടത്തിയിരുന്നു. തുടര്‍ന്ന് സമരക്കാരും ടോൾ അധികൃതരും വാക്കേറ്റമുണ്ടായി.
പൊലീസ് ഇടപെട്ട് ഇവരെ മാറ്റുകയായിരുന്നു. തുടർന്ന് താൽക്കാലിക പന്തൽ കെട്ടി സമരം തുടങ്ങി. ടോൾ പിരിക്കാൻ തുടങ്ങിയത് എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. പ്രതിഷേധക്കാർ ദേശീയ പാത ഉപരോധിച്ചതോടെ ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചു.
രണ്ടു ടോൾ പ്ലാസകൾ തമ്മിൽ 60 കിലോമീറ്റർ ദൂരപരിധി വേണമെന്ന നിബന്ധന ലംഘിച്ചാണ് കുമ്പള ആരിക്കാടിയിൽ ദേശീയപാത അതോറിറ്റി ടോൾ പിരിവ് തുടങ്ങിയത്. ആരിക്കാടിയിൽ നിന്ന് 22 കിലോമീറ്റർ അകലെ തലപ്പാടിയിൽ കർണാടകയുടെ ടോൾ പ്ലാസ നേരത്തേയുള്ളതാണ്. തൊട്ടടുത്തു മറ്റൊരു ടോൾപ്ലാസ കൂടി വരുന്നതിനെതിരെ നാട്ടുകാർ സമരത്തിലായിരുന്നു. കാസർകോട് ഭാഗത്തുനിന്നു മംഗളുരുവിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഇനി തലപ്പാടിയിലും ആരിക്കാടിയിലുമായി രണ്ടു ടോൾ നൽകണം
ദൂരപരിധി പാലിക്കാതെ ടോൾ പിരിവ് നടത്തുന്നതിനെതിരെ ആക്‌ഷൻ കമ്മിറ്റി ഹൈക്കോടതിയിൽനിന്നു സ്റ്റേ നേടിയിരുന്നു. പിന്നീട് ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്ന് അതോറിറ്റിക്ക് അനുകൂല വിധിയുണ്ടായി. ഇതിനെതിരെ ആക്‌ഷൻ കമ്മിറ്റി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയി. കേസ് വീണ്ടും പരിഗണിക്കാൻ സിംഗിൾ ബെഞ്ചിനോട് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഈ സമയത്ത്, ആരിക്കാടിയിൽ ടോൾ പ്ലാസ തുടങ്ങാൻ കേന്ദ്ര അനുമതി ലഭിച്ചിട്ടില്ലെന്നും അതിനാൽ തൽക്കാലം ടോൾ പിരിവ് നടത്തില്ലെന്നും കഴിഞ്ഞ നവംബറിൽ ദേശീയപാത അതോറിറ്റിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. അതിനുശേഷം കേസ് കോടതി ലിസ്റ്റ് ചെയ്തിട്ടില്ല. ടോൾ പിരിവ് നടത്തില്ലെന്ന് അറിയിച്ചശേഷം അതു ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാനൊരുങ്ങുകയാണ് ആക്‌ഷൻ കമ്മിറ്റി.