പീഡനക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച ഫെയ്സ്ബുക്ക് ലൈവില്‍ കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയോടു ഡിസിസി വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടിയുണ്ടാകും.
Also Read: അവനൊപ്പം; ആരോപണങ്ങള്‍ നേരിടാൻ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെ; പിന്തുണച്ച് ശ്രീനാദേവി
അവനൊപ്പമാണ് എന്നും ആരോപണങ്ങള്‍ നേരിടാൻ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെയെന്നുമായിരുന്നു ശ്രീനാദേവി എഫ്ബി ലൈവില്‍ പറഞ്ഞത്. അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ 'അതിജീവിതന്റെ' ഭാഗം കൂടി കേൾക്കണം. നിലവിലെ പരാതികളിൽ സംശയമുണ്ട്. ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ, പീഡനത്തിന് ശേഷം പ്രതി ചെരുപ്പ് വാങ്ങി നൽകി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികൾ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നുന്നു.
രാഹുൽ കുറ്റക്കാരനാണോ എന്ന് കോടതി തീരുമാനിക്കട്ടെ . മാധ്യമങ്ങൾ ഇല്ലാത്ത കഥകൾ പടച്ചുവിടുന്നുണ്ടോ എന്ന് പരിശോധിക്കണം. കുടുംബം ഒരാൾക്ക് മാത്രമല്ല, ഇപ്പുറത്തുമുണ്ട്. എന്നാൽ രണ്ടുപേർക്കും ഒരേ പരിഗണനയല്ല ലഭിക്കുന്നത്. അതിജീവിതന്മാർക്കൊപ്പം നിൽക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. പ്രഥമദൃഷ്ട്യാ തെറ്റ് കണ്ടതുകൊണ്ടാകാം പോലീസ് അറസ്റ്റ് ചെയ്തതെന്നും എന്നാൽ സത്യം പുറത്തുവരുന്നത് വരെ രാഹുൽ ക്രൂശിക്കപ്പെടരുത് എന്നും ശ്രീനാദേവി കൂട്ടിച്ചേർത്തു.
അടുത്ത കാലത്താണ് സിപിഐയില്‍ നിന്നും രാജിവച്ച് ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.