എല്‍ഡിഎഫ് ഭരണസമിതി പൂങ്കാവനമാക്കിയെന്ന് പ്രഖ്യാപിച്ച ബ്രഹ്മപുരം ശരിക്കും നന്നാക്കാന്‍ പുതിയ മാസ്റ്റര്‍പ്ലാനുമായി യുഡിഎഫ് ഭരണസമിതി. തീപിടുത്തത്തിന് ശേഷം പ്ലാന്‍റിലെ ഭക്ഷ്യമാലിന്യ സംസ്കരണം അപ്പാടെ പാളിയെന്ന് ആരോപണം. മന്ത്രിയും മുന്‍ മേയറും ക്രിക്കറ്റ് കളിച്ച ഭൂമിയടക്കം പുഴയെടുത്തുവെന്നാണ് പുതിയ ഭരണസമിതിയുടെ ആരോപണം.
ബ്രഹ്മപുരത്ത് മന്ത്രിയും മേയറും കാട്ടിക്കൂട്ടിയത് ഒരു ഷോ മാത്രമെന്നാണ് പുതിയ ഭരണസമിതിയുടെ കണ്ടെത്തല്‍. മാലിന്യമല തട്ടിയൊതുക്കി ബയോമൈനിങ് നടത്തി ഭൂമിവീണ്ടെടുത്തുവെന്ന വാദം ശരിയല്ലെന്ന് പുതിയ മേയര്‍. ആ ഭൂമിയൊക്കെ പുഴകയറി ഉപയോഗ ശൂന്യമായെന്നാണ് പുതിയ ഭരണസമിതിയുടെ കണ്ടെത്തല്‍. ആ ഭൂമി വീണ്ടെടുക്കാന്‍ ഇനി ടണ്‍ കണക്കിന് മണ്ണിറക്കണം. പ്ലാസ്റ്റിക മല നിരന്നപ്പോള്‍ മറുവശത്ത് ഭക്ഷ്യമാലിന്യം കുമിഞ്ഞുകൂടി. പഴയ ഓഫിസ്കെട്ടിടത്തെയുംവിഴുങ്ങി മാലിന്യമല ഒതുക്കാന്‍ പുതിയ പദ്ധതികള്‍ വേണമെന്ന് മേയര്‍.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണമായി നീക്കിയെന്ന് മുന്‍ ഭരണസമിതിയുടെ പ്രഖ്യാപനവും കളവെന്ന് മേയര്‍. രണ്ടരലക്ഷം ടണ്‍ മാലിന്യം ഇനിയും ബയോ മൈനിങ് നടത്താനുണ്ട്. ഇതിനായി ഇനിയും കോടികള്‍ പൊടിക്കണം. കൊച്ചി കോര്‍പ്പറേഷന്‍റെ മാത്രമല്ല സമീപ പഞ്ചായത്തുകളിലെ മാലിന്യങ്ങളടക്കം സംസ്കരിക്കാനുള്ള പദ്ധതിയാണ് പുതിയ ഭരണസമിതിയുടെ ആലോചനയില്‍. ചുരുക്കംപറഞ്ഞാല്‍ ബ്രഹ്മപുരത്തിന്‍റെ പേരില്‍ ഇനിയും കോടികള്‍ ഒഴുകും.