ശബരിമല സ്വർണ്ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) ശബരിമലയിലെ പഴയ കൊടിമരത്തിലുണ്ടായിരുന്ന 'വാജിവാഹനം' ഏറ്റെടുത്തു. തന്ത്രിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഈ വിഗ്രഹം കസ്റ്റഡിയിലെടുത്ത ശേഷം കൊല്ലത്തെ കോടതിയിൽ ഹാജരാക്കി. സ്വർണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമില്ലെങ്കിലും, ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ വാജിവാഹനം തന്ത്രിയുടെ കൈവശമിരിക്കുന്നത് നേരത്തെ വലിയ ചർച്ചയായിരുന്നു.
വാജിവാഹനം തന്റെ വീട്ടിലെ പൂജാമുറിയിലുണ്ടെന്ന് തന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പരമ്പരാഗതമായി തന്ത്രിമാർക്ക് ലഭിക്കുന്ന അവകാശമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ വിവാദമായതോടെ ഇത് തിരികെ എടുക്കണമെന്ന് കാട്ടി തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ഇത് ഏറ്റെടുക്കാൻ ദേവസ്വം കമ്മീഷണറെ ബോർഡ് ചുമതലപ്പെടുത്തിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് നീണ്ടുപോയി.
കഴിഞ്ഞ ദിവസം തന്ത്രിയുടെ വീട്ടിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് അന്വേഷണ സംഘം വാജിവാഹനം കസ്റ്റഡിയിലെടുത്തത്. വിഗ്രഹം കോടതിയിൽ ഹാജരാക്കിയ സാഹചര്യത്തിൽ, ഇത് ദേവസ്വം ബോർഡിന് കൈമാറുമോ അതോ കേസിന്റെ ഭാഗമായി സൂക്ഷിക്കുമോ എന്ന കാര്യത്തിൽ കോടതിയാകും അന്തിമ തീരുമാനമെടുക്കുക.