പ്രവാസി യുവതിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ല കോടതിയിലെത്തിച്ചു. കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കുന്നു . തിരുവല്ല താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. ആശുപത്രിയ്ക്കു മുന്നില്‍ ഡിവൈഎഫ്ഐ, യുവമോര്‍ച്ച പ്രതിഷേധം ഇന്നുമുണ്ടായി. ‘നമ്പർ വൺ കോഴി' എന്ന ട്രോഫിയുമായാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയത്. രാഹുലിന് നൽകാനാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. രാഹുലിനെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം തടയാന്‍ ശ്രമം നടന്നു. 

അ‍ഞ്ചുദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. ഇന്നലെ അപേക്ഷ  പരിഗണിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് രാഹുലിനെ കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കുകയായിരുന്നു. 

പീഡനം നടന്ന ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം. അതിജീവിതയുടെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈലും ലാപ്ടോപ്പും ഉൾപ്പെടെ കണ്ടെത്താനുണ്ട്. ഇതിനായി വീട്ടിലും പാലക്കാടും തെളിവെടുപ്പ് നടത്തിയേക്കും.

Also Read: അഴിക്കുളളിലാക്കിയത് അതിജീവിതയുടെ ശബ്ദസന്ദേശം; പൊലീസിന്‍റേത് പഴുതുകളടച്ച ചടുലനീക്കം

അതിക്രൂരമായ രീതിയില്‍ രാഹുല്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പീഡനത്തിനു പിന്നാലെ ഗര്‍ഭിണിയായപ്പോള്‍ പിതൃത്വം നിഷേധിച്ചെന്നും മുഖത്ത് തുപ്പുകയും മര്‍ദിക്കുകയും ചെയ്തെന്നും യുവതി പറയുന്നു. കൂടാതെ ആഢംബര വാച്ച്, വസ്ത്രങ്ങള്‍, ക്രീമുകള്‍ എന്നിവയുള്‍പ്പെടെ വാങ്ങിപ്പിച്ചെന്നും സാമ്പത്തികമായി ചൂഷണം ചെയ്തെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു. 

എം.എല്‍.എ സ്ഥാനം തെറിക്കുമോ ?

ബലാല്‍സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ എം.എല്‍.എ സ്ഥാനം തെറിപ്പിക്കാന്‍ നിയമസഭാ എത്തിക്സ്  കമ്മിറ്റിക്ക് കഴിയും. മാങ്കൂട്ടത്തിലിനെതിരെയുള്ള കുറ്റാരോപണം തെളിയിക്കാന്‍  കഴിഞ്ഞാല്‍  പ്രമേയം വോട്ടിനിട്ട് പാസാക്കി പുറത്താക്കാം.  പക്ഷെ 15-ാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിലേക്ക് കടന്നതിനാല്‍ എത്തിക്സ് കമ്മിറ്റിക്ക് ആവശ്യമായ സമയം കിട്ടുമോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

രാഹുല്‍മാങ്കൂട്ടത്തിലിനെതിരെ എം.എല്‍എമാരുടെയോ മറ്റ് ആരുടെയെങ്കിലുമോ പരാതി ലഭിച്ചാല്‍ സ്പീക്കര്‍ക്ക് അത് നിയമസഭയുടെ എത്തിക്സ് കമ്മറ്റിക്ക് വിടാം. മുരളി പെരുന്നെല്ലി അധ്യക്ഷനായ സമിതിക്ക് പരാതി പരിഗണിക്കാം. കുറ്റംതെളിഞ്ഞാല്‍ സഭയില്‍ നിന്ന് പുറത്താക്കുന്നതിന് ശുപാര്‍ശ ചെയ്യാം. ഭരണപക്ഷത്തിന് അതിനുള്ള പ്രമേയം കൊണ്ടുവരികയും ചെയ്യാം. പക്ഷെപരാതി പരിഗണിക്കുന്നതിനും ഒരു നിയമസഭാംഗം കുറ്റം ചെയ്തിട്ടുണ്ടോ എന്ന് തെളിയിക്കുന്നതിനും വ്യക്തമായ നടപടിക്രമങ്ങളുണ്ട്. അതിന് സമയവും എടുക്കും. അതായത് എടുപിടിയെന്ന് ഇക്കാര്യത്തില്‍ നടപടി എളുപ്പമല്ല.

ഇരുപക്ഷത്തിന്‍റെയും വാദങ്ങള്‍ കേള്‍ക്കണം. ക്രിമിനല്‍കുറ്റവും പൊലീസ് അന്വേഷണത്തിലുള്ള കാര്യവുമായതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥരെയും സമിതിക്ക് വിളിച്ചു വരുത്തേണ്ടിവരും. അതിജീവിതയെ വിളിച്ചുവരുത്താമെങ്കിലും അത് എളുപ്പമാകില്ല. കോടതി പരിഗണിക്കുന്ന വിഷയമെന്ന പരിമിതികളുമുണ്ട്. നിശ്ചിതമായ സമയം കൊടുത്തേ ആരോപണ വിധേയനെ സമിതിക്ക് കേള്‍ക്കാനാവൂ.

15-ാം നിയമസഭ അതിന്‍റെ അവസാന ഘട്ടത്തിലേക്ക് കടന്നു. ബജറ്റ് സമ്മേളനത്തിനിടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരും. മിക്കവാറും ഫെബ്രുവരി അവസാനത്തോടെ സഭ പിരിയും. അതിനാല്‍ എത്തിക്സ് കമ്മിറ്റിക്ക് വേണ്ട സമയം കിട്ടാനിടയില്ല. മുരളി പെരുന്നെല്ലി അധ്യക്ഷനായ സമിതിയില്‍ എട്ട് അംഗങ്ങളുണ്ട്. എം.വി.ഗോവിന്ദനും കെ.കെ.ശൈലജയും ടി.പി.രാമകൃഷ്ണനും ഉള്‍പ്പെടുന്ന സമിതി എടുക്കുന്ന ഏതു തിരുമാനവും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. പുറത്താക്കിയ വ്യക്തിയെ പറ്റി ഒന്നും പറയാനില്ലെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കാനാണ് സാധ്യത. ഏതായാലും പ്രതിപക്ഷത്തെ അടിക്കാന്‍ നല്ല വടി കിട്ടിയ സംതൃപ്തി ഭരണപക്ഷത്തിന് ഉണ്ടാകും.

ENGLISH SUMMARY:

Rahul Mankootathil is facing serious allegations in a sexual assault case. The case has sparked protests and legal proceedings, potentially impacting his position as an MLA.