പാലക്കാട് അകത്തേതറയിൽ ആദിവാസി യുവാവ് ജീവനൊടുക്കിയത് നാട്ടുകാരിലൊരാളുടെ നിരന്തര മർദനം കൊണ്ടെന്ന് പരാതി. ചീകുഴി ഊരിലെ കലാധരന്‍റെ മരണത്തിലാണ് ആരോപണം. മരണം നടന്ന് നാലു ദിവസമായിട്ടും പൊലീസ് അന്വേഷിക്കാനെത്തിയില്ലെന്ന് കുടുംബം മനോരമന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ വെള്ളി രാവിലെയാണ് കലാധരനെ വീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശവാസിയായ ദേവൻ എന്നയാൾ നിരന്തരം കലാധരനെ മർദിച്ചിരുന്നുവെന്നും മരിക്കുന്നതിന്‍റെ തലേദിവസം വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കുടുംബം പറയുന്നത്.
കൂലിപണിക്കാരനായ കലാധരൻ ദേവന്‍റെ വീട്ടിൽ ജോലിയെടുത്തിരുന്നു. മർദ്ദനം സഹിക്കാനാവാത്തതോടെ നിർത്തി. അതോടെ വീട്ടിലേക്ക് വന്നും മർദനമായി. അപായപ്പെടുത്തുമെന്ന് അറിയിച്ചതോടെ ഭയന്ന് പരാതി കൊടുത്തില്ല. ഒടുവിൽ സഹിക്കാനാവത്തതോടെ ജീവനൊടുക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്‍റെ പരാതി. മൃതദേഹം കണ്ടതിന് പിന്നാലെ തന്നെ പൊലീസിനെ വിവരം അറിയിച്ചിട്ടും ആരും വന്നു നോക്കിയില്ലെന്നും കുടുംബം പറയുന്നുണ്ട്. മരിച്ച നാലാം ദിവസമാണ് പൊലീസ് അന്വേഷിച്ചെത്തിയത്.
പ്രതിയെ ഉടൻ പിടികൂടണമെന്നും തങ്ങൾക്ക് നീതി വേണമെന്നാണ് നിർധന കുടുംബത്തിന്‍റെ ആവശ്യം.