rahul-police-jeep2

ബലാൽസംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജയിൽ വാസം നീളും. ഇന്ന് ജാമ്യാപേക്ഷ നൽകുമെങ്കിലും വാദത്തിലേക്ക് കടക്കില്ല. പൊലീസ് കസ്റ്റഡി അപേക്ഷയും ഇന്ന് നൽകുന്നതു കൊണ്ടാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകുന്നത്. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്‍റെ ആവശ്യം. കസ്റ്റഡി അപേക്ഷ സാധാരണഗതിയിൽ കോടതി അനുവദിക്കും. അങ്ങിനെയെങ്കിൽ ജാമ്യാപേക്ഷ പരിഗണിക്കാൻ ഈ ആഴ്ച അവസാനമായേക്കും. അതുവരെ ജയിലിലും പൊലീസിന്‍റെ കസ്റ്റഡിയിലുമായി രാഹുൽ കഴിയേണ്ടിവരും.

കസ്റ്റഡിയിലെടുക്കുന്നത് അറിഞ്ഞത് ആറുപേർ മാത്രം

കുറ്റകൃത്യം നടന്ന ഹോട്ടലിൽ സംഭവദിവസം രാഹുലും അതിജീവിതയും മുറിയെടുത്തതിന്‍റെ തെളിവ് പൊലീസിന് ലഭിച്ചിരുന്നു. ഹോട്ടൽ റജിസ്റ്ററിൽ ഇരുവരുടെയും പേരുള്ളതാണ് പൊലീസിന് നിര്‍ണായക തെളിവായത്. രാഹുലിനെ കസ്റ്റഡിയിലെടുക്കുന്ന കാര്യം സംസ്ഥാനത്ത് തന്നെ അറിഞ്ഞതാകട്ടെ ആറുപേർ മാത്രവും. ഷൊർണൂർ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി ഒരു മണിക്കൂറിനുള്ളിൽ നടപടി പൂർത്തിയാക്കുകയും ചെയ്തു.

സംസ്ഥാന പൊലീസ് മേധാവിയും, എഡിജിപിയും, ഡിഐജി പൂങ്കുഴലിയും, പാലക്കാട്, പത്തനംതിട്ട പൊലീസ് മേധാവിമാരും മാത്രമാണ് നടപടിയെ പറ്റി നേരത്തെ അറിഞ്ഞിരുന്നത്. ദൗത്യത്തിനു ഡിവൈഎസ്പി മുരളീധരനെ ചുമതലപ്പെടുത്തിയത് രാത്രി 11 നായിരുന്നു. ഉടൻ ഉത്തരവിറക്കി നടപടി തുടങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ പോലും ദൗത്യത്തെ പറ്റി അറിയിച്ചത് അവസാന നിമിഷമായിരുന്നു.

ആദ്യ കേസിൽ എസ്ഐടിയെ വട്ടം കറക്കി ഒടുവിൽ രാഹുൽ കോടതിയിൽ നിന്ന് അനുകൂല വിധി നേടിയെടുത്തതിന്‍റെ പേരുദോഷം കൂടി മുന്നിലുണ്ടായിരുന്നു. അത് കൂടി കണക്കിലെടുത്തായിരുന്നു നീക്കം. കേസിന്‍റെ തുടർ നടപടികളും വേഗത്തിലാക്കാനാകും ശ്രമം. ഒരു മാസത്തിനകം കുറ്റപത്രം തയ്യാറാക്കി സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ ശ്രമം. നെന്മാറ ഇരട്ടക്കൊലയിൽ ചെന്താമരക്കെതിരെ റെക്കോർഡ് വേഗോത്തിൽ കുറ്റപത്രം സമർപ്പിച്ചതിന്‍റെ ക്രെഡിറ്റുള്ളയാളാണ് ഡി.വൈ.എസ്.പി മുരളീധരൻ

ENGLISH SUMMARY:

Youth Congress leader and Palakkad MLA Rahul Mamkootathil has been arrested in a rape case. The police have requested five-day custody of the MLA to conduct further investigation. Crucial evidence was discovered in a hotel register confirming that both Rahul and the survivor were present at the location on the day of the incident. The arrest was executed through a highly confidential operation led by DySP Muralidharan. Since the custody application is pending, the court is expected to delay the hearing on his bail plea. The SIT aims to submit a record-fast chargesheet within one month, following the model of the Nenmara double murder case.