സംസ്ഥാന സ്കൂൾ കലോത്സവത്തിനുള്ള സ്വർണ്ണ കപ്പിന് ഉജ്വല സ്വീകരണം നൽകി പൂരനഗരി. ചാലക്കുടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് വിദ്യാർത്ഥികളുടെ അകമ്പടിയോടെ സ്വർണ്ണ കപ്പ് എത്തിയത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ രാപ്പകൽ പൂരത്തിനായി പൂരനഗരി ഒരുങ്ങിക്കഴിഞ്ഞു. സാമ്പിൾ വെടിക്കെട്ട് മാത്രമായിരുന്നു ഇന്ന് രാവിലെ ചാലക്കുടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വർണ്ണക്കപ്പ് സ്വീകരണം. 13 ജില്ലകളിലൂടെയുള്ള ഘോഷയാത്രയ്ക്ക് ശേഷം തൃശ്ശൂരിൽ എത്തിയ സ്വർണക്കപ്പ് കലക്ടർ അർജുൻ പാണ്ടിനും ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫും ചേർന്ന് സ്വീകരിച്ചു.
ഇന്ന് തൃശ്ശൂർ ജില്ലയിലെ വിവിധ സ്കൂളുകളിലൂടെയുള്ള പര്യടനത്തിനുശേഷം നാളെ തൃശൂർ നഗരം ചുറ്റി സ്വർണ്ണ കപ്പ് പ്രധാന വേദിയിൽ എത്തും. 14 ന് രാവിലെ 9 മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യുന്നത്.