കൊച്ചിയിൽ റോഡിലുപേക്ഷിച്ച അപകടകാരിയായ വളർത്തുനായയെ ഒടുവിൽ പിടികൂടി. പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയെയാണ് കൊച്ചി സുഭാഷ് പാർക്കിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് കറങ്ങി നടന്നിരുന്ന നായ ജനങ്ങളിൽ ഭീതി പടർത്തിയിരുന്നു.
ശാന്തനായി നിൽക്കുന്നത് നോക്കണ്ട. ആളൊരു പുലിയാണ്. ഇനം പിറ്റ് ബുൾ. കുഞ്ഞിന് ഒരു ലക്ഷത്തോളം രൂപ വിലവരും. മനുഷ്യജീവന് അപകടകാരികളെന്ന റിപ്പോർട്ടിനെ തുടർന്ന് കേന്ദ്രസർക്കാർ ഇറക്കുമതിയും വില്പനയും നിരോധിച്ച ഇനം. ഒരുമാസം മുമ്പ് ഡൽഹിയിൽ ആറു വയസ്സുകാരന്റെ ചെവി കടിച്ചെടുത്തതും ഇതേ ഇനത്തിൽ പെട്ട നായയാണ്. ഇത്രയും അപകടകാരിയായ നായയെയാണ് തിരക്കേറിയ കൊച്ചി നഗരത്തിൽ ആരോ ഉപേക്ഷിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി നഗരത്തിൽ ചുറ്റിക്കറങ്ങിയിരുന്ന നായ ഇന്നലെ എത്തിപ്പെട്ടത് ഏറെ തിരക്കുള്ള സുഭാഷ് പാർക്കിൽ. ആളുകൾ ഭയന്നതോടെ പാർക്ക് അധികൃതർ പൊലീസിനെ അറിയിച്ചു. പൊലീസിന് പിന്നാലെ ആനിമൽ റെസ്ക്യൂ സംഘവുമെത്തി. നായയെ പിടികൂടി ഷെൽട്ടറിലേക്ക് കൊണ്ടുപോയി.
ഒന്നര വയസ്സുള്ള നായയെയാണ് ഉപേക്ഷിച്ചിട്ടുള്ളത്. ആളെ കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. വളർത്തു നായ്ക്കളെ തദ്ദേശസ്ഥാപനങ്ങളിൽ റജിസ്റ്റർ ചെയ്യണമെന്നും, മൈക്രോചിപ്പ് ഘടിപ്പിക്കണമെന്നും നിർദേശം ഉണ്ടായിരുന്നു. എന്നാൽ ഇത് പൂർണമായും നടപ്പായിട്ടില്ല. നിലവിൽ പിടികൂടിയ നായയിൽ മൈക്രോചിപ്പ് ഉണ്ടെങ്കില്‍ ഉടമയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് റെസ്ക്യൂ ചെയ്തവർ.