ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മാവേലിക്കര സ്പെഷല്‍ സബ് ജയിലിലേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റിനാണ് പൊലീസ് ഹാജരാക്കിയത്. പത്തനംതിട്ട എ.ആര്‍. ക്യാംപില്‍ എസ്ഐടി മേധാവി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ അഞ്ചുമണിക്കൂറിലേറെ ചോദ്യംചെയ്ത ശേഷമാണ് രാഹുലിനെ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയത്. അറസ്റ്റ് ഒഴിവാക്കാനാവില്ലെന്നും രാഹുല്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് അറസ്റ്റ് നോട്ടിസില്‍ പറയുന്നു. പത്തനംതിട്ട ജില്ലാ മജിസ്ട്രേട്ടിന് കോടതിയില്‍ രാഹുല്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും.
വൈദ്യപരിശോധനയ്ക്കായി രാഹുലിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വന്‍ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐയും യുവമോര്‍ച്ചയും. ജീപ്പ് വളഞ്ഞ് രാഹുലിനുനേരെ പാഞ്ഞടുത്ത പ്രതിഷേധക്കാരെ വളരെ പണിപ്പെട്ടാണ് പൊലീസ് നിയന്ത്രിച്ചത്. തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. പൊതിച്ചോറുമായാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചത്. അതേ സമയം ആശുപത്രിക്കുള്ളിലേക്ക് തള്ളിക്കയറാന്‍ യുവമോര്‍ച്ച ശ്രമം നടത്തി. പാലക്കാട്ടെ എം.എല്‍.എ ഓഫിസിലേക്ക് ബി.ജെ.പിയും പ്രതിഷേധം സംഘടിപ്പിച്ചു. ഓഫിസിലേക്ക് പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ രാഹുലിന്റെ കോലം കത്തിച്ചു.
പാലക്കാട്ടെ ഹോട്ടലില്‍നിന്ന് അര്‍ധരാത്രി അതീവരഹസ്യമായാണ് രാഹുലിനെ പിടികൂടിയത്. ആറുദിവസം മുന്‍പ് പത്തനംതിട്ട സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ബലാല്‍സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ അടക്കം അതീവഗുരുതര വകുപ്പുകള്‍ രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്.
രണ്ട് കേസുകളില്‍ രാഹുലിന് രക്ഷയായ പഴുതുകളെല്ലാം അടച്ച് അതീവ രഹസ്യവും ചടുലവുമായിരുന്നു അറസ്റ്റിലേക്കെത്തിച്ച പൊലീസ് നീക്കങ്ങള്‍. ഒരാഴ്ച മുന്‍പ് ഡി.ജി.പിക്ക് ലഭിച്ച പരാതിയില്‍ വീഡിയോ കോളിലൂടെയാണ് വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴിയെടുത്തതും തെളിവുകള്‍ ശേഖരിച്ചതും. ഭ്രൂണത്തിന്‍റെ ഡിഎന്‍എ പരിശോധനാ ഫലം എന്ന തുറപ്പുചീട്ട് ലഭിച്ചതോടെ അറസ്റ്റിന് തീരുമാനിച്ചു. ഡിജിപിയും എസ്.പി. പൂങ്കുഴലിയുമടക്കം നാല് ഉന്നത പൊലീസുകാര്‍ മാത്രമറിഞ്ഞുള്ളതായിരുന്നു നീക്കങ്ങളെല്ലാം. ഒന്നും രണ്ടും കേസുകള്‍, രാഹുലിനെ ജയിലിലാക്കാനാകുമെന്നായിരുന്നു പൊലീസിന്‍റെ വിശ്വാസം. പക്ഷെ രാഹുലിന്‍റെ ഒളിവും കോടതിയുടെ ഇടപെടലും കണക്ക് കൂട്ടലെല്ലാം തെറ്റിച്ചു. ജാമ്യം നേടി തിരിച്ചെത്തി ചിരിച്ചുകൊണ്ട് ചായ കുടിച്ചപ്പോള്‍ രാഹുല്‍ ജയിച്ചു, ആഭ്യന്തരവകുപ്പ് തോറ്റു.
മറ്റൊരു അവസരം കാത്തിരുന്ന പൊലീസിന്‍റെ മുന്നിലേക്കാണ് ജനുവരി 5ന് മൂന്നാം പരാതിയെത്തുന്നത്. ഡി.ജി.പിക്ക് ഇമെയിലായി ലഭിച്ച പരാതിയില്‍ ആ നിമിഷം മുതല്‍ അതിരഹസ്യ നീക്കത്തിന് തുടക്കമായി. ഡിജിപിയും എഡിജിപി എച്ച്. വെങ്കിടേഷും എസ്.പി ജി.പൂങ്കുഴലിയും മാത്രമായി ആദ്യയോഗങ്ങള്‍. പരാതിക്കാരിയെ ആദ്യം ഫോണിലും പിന്നീട് വീഡിയോ കോളിലും ബന്ധപ്പെട്ട പൂങ്കൂഴലി വിവരങ്ങള്‍ ശേഖരിച്ചു. രാഹുലുമായുള്ള ചാറ്റിന്‍റെയും ഭ്രൂണഹത്യ നടത്തിയ ആശുപത്രി രേഖകളും സാമ്പത്തിക ഇടപാടിന്‍റെ തെളിവുകളും പരാതിക്കാരി കൈമാറി. പരാതിയില്‍ പറയുന്ന ദിവസം ബലാല്‍സംഗം നടന്ന ഹോട്ടലില്‍ ഇരുവരും ഉണ്ടോയെന്ന് ഉറപ്പിക്കാനായി അടുത്ത ശ്രമം. വിവരം ചോരുമെന്നതിനാല്‍ മറ്റ് പൊലീസുകാരെ കൂട്ടാതെ പൂങ്കുഴലി തന്നെ ടവര്‍ ലൊക്കേഷന്‍ വിവരം ശേഖരിച്ചു. രാഹുലും പരാതിക്കാരിയും ഹോട്ടല്‍ പരിധിയിലുണ്ടെന്ന് ഉറപ്പിച്ചതോടെ പരാതി ശരിയെന്ന് പൊലീസ് ഉറപ്പിച്ചു.
അറസ്റ്റിന് മുന്‍പ് ബലാല്‍സംഗക്കേസില്‍ രഹസ്യമൊഴിയും വൈദ്യപരിശോധനയും നിര്‍ബന്ധമാണ്. അതിന് നിന്നാല്‍ വിവരം ചോരാനും രാഹുല്‍ മുങ്ങാനോ കോടതിയെ സമീപിക്കാനോ സാധ്യതയുണ്ടെന്ന് പൊലീസ് വിലയിരുത്തി. പരാതിക്കാരി വിദേശത്താണെന്നത് അവസരമായി കണ്ട പൊലീസ് രഹസ്യമൊഴിക്ക് കാത്ത് നില്‍ക്കാതെ അറസ്റ്റിന് തീരുമാനിച്ചു.
ഇന്നലെ രാവിലെ എഫ്‌ഐആറിട്ടു. രാഹുല്‍ എവിടെയെന്ന് നിരീക്ഷിക്കാന്‍ ഇന്‍റലിജന്‍സിനോട് ഡിജിപി ആവശ്യപ്പെട്ടു. പാലക്കാടുണ്ടെന്ന് ഉറപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് പൊലീസ് സംഘം എത്തും വരെ കാത്ത് നില്‍ക്കാണ്ടെന്ന് തീരുമാനിച്ചതോടെ ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പിയുടെ സഹായം തേടി. പകല്‍ സമയം ഒഴിവാക്കി അര്‍ധരാത്രി 12 മണിയോടെ പൊലീസ് സംഘം രാഹുല്‍ താമസിക്കുന്ന ഹോട്ടലില്‍. പുതിയ ഒരു കേസില്‍ മൊഴിയെടുക്കാനുണ്ടെന്ന് അറിയിച്ചപ്പോള്‍ പതിവ് പോലെ രാഹുല്‍ എതിര്‍ത്തു. വൈദ്യപരിശോധന നടത്തണമെന്ന് പറഞ്ഞപ്പോളും ആദ്യം എതിര്‍പ്പ്. അറസ്റ്റിനാണ് തീരുമാനമെന്ന് അറിയിച്ചതോടെ എതിര്‍പ്പ് അവസാനിച്ച് രാഹുല്‍ പൊലീസ് വണ്ടിയിലേക്ക്.കേസിനേക്കുറിച്ച് കാര്യമായി പറയാതെ, ഒന്നും ചോദിക്കാതെ രാഹുലുമായി സംഘം നേരം പുലരും മുന്‍പ് പത്തനംതിട്ട എ.ആര്‍ ക്യാംപിലെത്തി. ഒന്നിലും രണ്ടിലും പിഴച്ച പൊലീസ് മൂന്നാം ഊഴത്തില്‍ അറസ്റ്റ് ചെയ്ത് ലക്ഷ്യം നേടി.