രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. രാഹുലിന് ഇപ്പോഴും കോണ്‍ഗ്രസ് പിന്തുണയുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി. രാഹുലിനെതിരെ ഡസന്‍ കണക്കിന് പരാതികള്‍ വരുന്നുണ്ടെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
രാഹുൽ ചെയ്തത് നിഷ്ഠൂരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. ഇനിയെങ്കിലും എംഎൽഎ സ്ഥാനം മറയായി ഉപയോഗിക്കാതിരിക്കാൻ കോൺഗ്രസ് നടപടി സ്വീകരിക്കണം. കോൺഗ്രസ് തന്നെയാണ് ഉത്തരവാദിത്വം ഏൽക്കേണ്ടതെന്നും സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, രാഹുല്‍ സ്വയം എംഎല്‍എ സ്ഥാനം രാജിവയ്ക്കണമായിരുന്നുവെന്ന് കെ.മുരളീധരന്‍. രാഹുലിനെതിരെ നടപടി എടുക്കേണ്ട സമയത്ത് എടുത്തിട്ടുണ്ട്. പുറത്താക്കിയ ആളെ കുറിച്ച് ഇനി കൂടുതല്‍ പറയാനില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു. രാഹുൽ പാർട്ടിക്ക് പുറത്താണെന്നും ഞങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ. രാജിവെക്കണോ വേണ്ടയോ എന്ന് അയാളാണ് തീരുമാനിക്കേണ്ടതെന്നും തങ്കപ്പൻ പറഞ്ഞു.