vinodini

TOPICS COVERED

പാലക്കാ‌ട്ട് ഒമ്പതുവയസുകാരിയുടെ കൈമുറിച്ചു മാറ്റിയ കേസില്‍ രണ്ടരമാസമായിട്ടും അന്വേഷണം തുടങ്ങിയില്ല.  ഉടൻ നടപടിയെടുക്കുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പും പാഴായി.  കുട്ടിയെയോ മാതാപിതാക്കളെയോ ആരോഗ്യവകുപ്പ് വിദഗ്ധസംഘം ഇതുവരെ കണ്ടിട്ടില്ല. കുറ്റവാളികളെ ആരോഗ്യവകുപ്പ് സംരക്ഷിക്കുകയാണെന്നാണ് ആക്ഷേപം. 

നവംബർ 25 നു പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് മതിയായ ചികിൽസ കിട്ടാതെ പോയ ഒമ്പത് വയസുകാരി വിനോദിനിയുടെ കൈ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് മുറിച്ചു മാറ്റിയത് ഒക്ടോബർ ഒന്നിനു. ജില്ലാ ആശുപത്രിയിൽ നിന്ന് പ്രോട്ടോകോൾ പ്രകാരമുള്ള ചികിത്സ നൽകിയില്ലെന്ന് ആരോഗ്യവകുപ്പ് തന്നെ കണ്ടെത്തിയിരുന്നു. കുട്ടിയെ ചികിത്സിച്ച ജൂനിയർ റസിഡന്റ് ഡോ. മുസ്തഫ, ജൂനിയർ കൺസൾട്ടന്റ് ഡോ.സർഫാസ് എന്നിവരെ നവംബർ 6 ന് സസ്പെൻഡ് ചെയ്ത് ഒഴിച്ച് നാളിതുവരെ വിഷയത്തിൽ ഒരു നടപടിയും ഉണ്ടായില്ല. കൈ മുറിച്ചു മാറ്റിയ വാർത്ത പുറത്തുവന്ന് ചർച്ചയായത് നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസമായതിനാൽ മന്ത്രി വീണാ ജോർജ് ഇടപെട്ടാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടർ അന്വേഷിക്കുമെന്നും 10 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും മന്ത്രി പറഞ്ഞെങ്കിലും രണ്ടര മാസമായിട്ടും അനക്കം ഒന്നും ഉണ്ടായില്ല. ആരോഗ്യവകുപ്പ് ഡയറക്ടർ കുട്ടിയെ നേരിട്ട് കാണുകയോ എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ ആരോഗ്യവകുപ്പിന്റെ കൈവശം ഒരു റിപ്പോർട്ട് പോലുമില്ല.

സംഭവത്തിൽ ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ നടപടി വേണമെന്ന് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നെങ്കിലും ആരും ഗൗനിച്ചില്ലെന്നാണ് ആക്ഷേപം. നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിലും കുടുംബത്തെ ഫോണിലും അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല. ഒമ്പതുകാരിയുടെ ജീവിതം ഇരുട്ടിലാക്കിയവർക്ക് സിസ്റ്റം പിന്നെയും ഒത്താശ ചെയ്യുന്നു വെന്നാണ് പരാതി

ENGLISH SUMMARY:

Palakkad child hand amputation case remains unresolved after two and a half months, despite assurances from the health minister. The focus is on demanding justice for the nine-year-old girl and holding those responsible for medical negligence accountable.