ശബരിമല തന്ത്രിയുടെ അറസ്റ്റിൽ കരുതലോടെ പ്രതികരിച്ച് സിപിഎം നേതാക്കൾ. തന്ത്രിയെ കടന്നാക്രമിക്കാതെയും തന്ത്രി കൊള്ളയിൽ പങ്കാളിയാകാൻ സാധ്യതയില്ല എന്ന് പറയാതെയുമാണ് നേതാക്കളുടെ പ്രതികരണങ്ങൾ. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത് എന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഒരു സമ്മർദ്ദവും എസ്ഐടിക്ക് ഇല്ലെന്നും നിയമ മന്ത്രി പി രാജീവ് പ്രതികരിച്ചു.
കട്ടവനും കട്ട മുതൽ വാങ്ങിയവനും ഒത്താശ ചെയ്തവനും ഒരേ ഫ്രെയിമിൽ വന്നു എന്ന് ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയോടൊപ്പം ഒപ്പമുള്ള ചിത്രത്തെപ്പറ്റി പരാമർശിച്ച് പി രാജീവ് പറഞ്ഞു .
നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യർ ആണെന്നും അന്വേഷണം ശരിയായ വഴിയിൽ ആണ് നടക്കുന്നതെന്നും ഇ പി ജയരാജൻ പ്രതികരിച്ചു. തന്ത്രി വേണ്ടപ്പെട്ടയാളും നാട്ടുകാരനുമാണെന്നും അന്വേഷണം നടക്കട്ടെ എന്ന് മന്ത്രി സജി ചെറിയാനും പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരർക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവ് ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങൾ. 2019 മെയ്യിൽ കട്ടിള പാളികൾ ശബരിമല ശ്രീകോവിൽ നിന്ന് ഇളക്കിക്കൊണ്ടു പോകുന്നതിന് തന്ത്രി മൗനാനുവാദവും ഒത്താശയും നൽകി എന്നതാണ് എസ്ഐടിയുടെ കണ്ടെത്തൽ.
തന്ത്രിയെ ജയിലിലാക്കിയതിൽ പ്രധാന പങ്ക് വഹിച്ചത് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് രാജീവരെന്ന് പത്മകുമാർ മൊഴി നൽകി. തന്ത്രിയുമായുള്ള സൗഹൃദം ഉണ്ണികൃഷ്ണൻ പോറ്റിയും വെളിപ്പെടുത്തി. തന്ത്രിയും പോറ്റിയും തമ്മിൽ സാമ്പത്തിക ഇടപാടുകളെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതോടെയാണ് തന്ത്രി അകത്തായത്.