പത്തനംതിട്ട ജില്ലയില്‍ എല്‍.ഡി.എഫിന്‍റെ കയ്യിലുള്ള അഞ്ച് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി ആലോചനകൾ സജീവമാക്കി യു.ഡി.എഫ്... ജയസാധ്യത മാത്രമായിരിക്കണം മാനദണ്ഡമെന്ന് യു.ഡി.എഫ് നേതൃയോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. മറ്റ് ജില്ലകളില്‍ നിന്ന് സ്ഥാനാര്‍ഥികളെ കെട്ടിയിറക്കിയാല്‍ തിരിച്ചടി നേരിടുമെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.
ആറന്മുള മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍റെ പേരാണ് സജീവം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയുടെ പേരും ഉയരുന്നു. ഡിസിസി മുൻ പ്രസിഡന്റ് പി മോഹൻരാജ്, പത്തനംതിട്ട മുൻ നഗരസഭ അധ്യക്ഷൻ എ സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം അനീഷ് വരിക്കണ്ണാമല തുടങ്ങിയ പേരുകളും ചർച്ചയിലുണ്ട്. റാന്നി മണ്ഡലത്തിൽ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവിന്റെ പേരാണ് മുന്നില്‍. റാന്നിയില്ലെങ്കില്‍ പഴകുളം മധുവിന് സാധ്യത ആറന്‍മുള തന്നെയാണ്.
റാന്നിയില്‍കഴിഞ്ഞവട്ടം മത്സരിച്ച് നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ട റിങ്കു ചെറിയാന്റെയും, ജില്ലാ പഞ്ചായത്തംഗം ആരോൺ ബിജിലി പനവേലിയുടെ പേരും കേൾക്കുന്നുണ്ട്. കോന്നി മണ്ഡലത്തിൽ എംപിമാർക്ക് ഇളവ് ലഭിച്ചാൽ അടൂർ പ്രകാശ് മത്സരിച്ചേക്കും, അല്ലെങ്കിൽ കഴിഞ്ഞ തവണ മത്സരിച്ച കോന്നി ബ്ലോക്ക് പഞ്ചായത്തംഗം റോബിൻ പീറ്റർ തന്നെയായിരിക്കും രംഗത്തിറങ്ങുക. അടൂരിൽ ഇത്തവണ വിജയം ഉറപ്പിച്ചിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് എംജി കണ്ണന്റെ അകാല മരണം യുഡിഎഫിന് തിരിച്ചടിയായി. പന്തളം സുധാകരന്‍റേയും മുൻ എംപി രമ്യ ഹരിദാസിന്റെയുംപേരുകളാണുള്ളത്. തിരുവല്ല,റാന്നി മണ്ഡലങ്ങൾ വെച്ചുമാറാനും ആലോചനയുണ്ട്. മുൻകാലങ്ങളിലെ പിഴവുകൾ പരിഹരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്കെട്ടായിരുന്നു.നിലവിൽ വോട്ടർ പട്ടികയിലടക്കം ഉള്ള പ്രശ്നങ്ങൾ പരിഹരിക്കും.ഘടകകക്ഷികൾക്ക് അടക്കം തദ്ദേശ തിരഞ്ഞെടുപ്പിൽ ആവശ്യത്തിന് സീറ്റുകൾ നൽകിയിരുന്നു.മറ്റ് പരിഗണനകളും സ്വാധീനവും ഒഴിവാക്കി ജയസാധ്യത മാത്രം പരിഗണിക്കണമെന്ന് യുഡിഎഫ് നേതൃയോഗത്തിൽ മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു.