ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ എസ്ഐടി ഓഫിസിൽ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് ഉറ്റബന്ധമാണ്. പോറ്റി ശബരിമലയിലെത്തിയത് സഹായിയായിയാണ്. സ്പോണ്‍സര്‍ഷിപ് ഇടനില സ്വര്‍ണക്കൊള്ളയായി മാറി. പാളികളില്‍ സ്വര്‍ണം പൂശാന്‍ തന്ത്രി അനുമതി നല്‍കി. എല്ലാം തന്ത്രിക്ക് അറിയാമായിരുന്നെന്ന് എസ്‌ഐടി. സ്പോണ്‍സര്‍ഷിപ്പിലെ കള്ളക്കളികള്‍ തന്ത്രി അറിഞ്ഞിരുന്നു. സ്വര്‍ണപാളികള്‍ സന്നിധാനത്തിന് പുറത്ത് കൊണ്ടുപോകുന്നതിനെ എതിര്‍ത്തില്ല. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി രണ്ട് പതിറ്റാണ്ടിന്റെ ബന്ധമുണ്ടെന്നും എസ്‌ഐടി.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവിന് അടുത്ത ബന്ധമുണ്ടായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് സൂചന. തന്ത്രിക്ക് പോറ്റിയുമായി പോറ്റിയുമായി അടുപ്പമുണ്ടായിരുന്നെന്ന് മറ്റു പ്രതികൾ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെ തിരുവനന്തപുരത്തെ എസ്.ഐ.ടി ഓഫീസിലേക്ക് ചോദ്യം ചെയ്യാനായി രാജീവിനെ വിളിച്ചുവരുത്തിയത്. അതിനുശേഷമായിരുന്നു അറസ്റ്റ്.
കഴിഞ്ഞ നവംബറിലും തന്ത്രിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. ക്ഷേത്രത്തിലെ സ്ഥാവര ജംഗമ സ്വത്തുക്കളുടെയെല്ലാം ചുമതല ദേവസ്വം ബോർഡിനാണ്. പാളികളുടെ അറ്റകുറ്റപ്പണികൾക്കായി ദേവസ്വം ഉദ്യോഗസ്ഥരാണ് സമീപിച്ചതെന്നും തന്ത്രി കണ്ഠര് രാജീവര് മുൻപ് മൊഴി നൽകിയിരുന്നു. ദേവസ്വം ബോർഡ് അപേക്ഷിച്ചപ്പോൾ അനുമതിയും, ഭഗവാന്റെ അനുഗ്രഹവും നൽകുകയാണ് ചെയ്തത്. ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണ അങ്കിയുടെ നിറം മങ്ങിയതിനാൽ അത് നവീകരിക്കാമെന്ന് അനുമതിയിൽ പറഞ്ഞിട്ടുണ്ടെന്നും തന്ത്രി രാജീവര് എസ്.ഐ.ടി.യെ അറിയിച്ചിരുന്നു.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് നടത്തിയ 'ദൈവതുല്യരായ ആളുകൾ' എന്ന പ്രസ്താവനയോട്, 'ദൈവതുല്യരായ എത്ര ആളുകളുണ്ടെന്ന് എനിക്കെങ്ങനെ അറിയാൻ കഴിയും?' എന്നായിരുന്നു രാജീവരുടെ പ്രതികരണം. തന്ത്രി കണ്ഠര് മോഹനരും ഇതിനുമുൻപ് മൊഴി നൽകിയിട്ടുണ്ട്.
കേസെടുത്ത് ഇഡിയും
ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. എസ്ഐടി പ്രതിചേര്‍ത്ത എല്ലാവരെയും പ്രതിചേര്‍ത്ത് കൊച്ചി യൂണിറ്റില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് ഇഡി അന്വേഷണം. ഉണ്ണികൃഷ്ണന്‍ പോറ്റി ഒന്നാംപ്രതിയായ കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്‍റ് എ. പത്മകുമാര്‍, എന്‍.വാസു ഉള്‍പ്പെടെ പതിനഞ്ചിലേറെ പേര്‍ പ്രതികളാകും. ഏറ്റവും ഒടുവില്‍ എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരും ഇഡി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. അന്വേഷണത്തിന്‍റെ ഭാഗമായി റെയ്ഡ, സ്വത്ത് കണ്ടുക്കെട്ടല്‍ നടപടികളിലേക്കും വരുംദിവസങ്ങളില്‍ ഇഡി കടക്കും. എസ്ഐടിയെ അപേക്ഷിച്ച് സാമ്പത്തികയിടപാടുകളിലടക്കം സമഗ്രമായ അന്വേഷണം നടത്താന്‍ ഇഡിക്ക് കഴിയും.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തിന്‍റെ വരവ് ചെലവ് കണക്ക് സംബന്ധിച്ച് അടിയന്തരയോഗം വിളിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഹൈക്കോടതി വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. സ്പോൺസർമാരിൽ പലരും പണം നൽകിയിട്ടില്ലെന്ന് ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ.
സര്‍ക്കാരിന്‍റെയോ തിരുവിതാംകൂറിന്‍റെയോ ഒരുപൈസപോലും ചെലവാക്കില്ലെന്ന് ഉറപ്പുനല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ പമ്പയില്‍ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. എന്നാല്‍ സ്പോണ്‍സര്‍മാരില്‍ നിന്ന് പണം ഇനിയും കിട്ടാനുണ്ട്. സംഗമത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രെച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കരാര്‍ നല്‍കിരുന്ന ഊരാളുങ്കൽ സൊസൈറ്റിയും കണക്ക് സമർപ്പിച്ചിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍.
പലർക്കും അങ്ങോട്ട് പണം നൽകാനുണ്ടെന്നും ജയകുമാർ. ഈ മാസം തന്നെ കണക്ക് സമർപ്പിക്കും. ഹൈക്കോടതിയിൽ നിന്ന് ഇനിയൊരു വിമർശനത്തിന് ഇടവരുത്തില്ലെന്നും കെ.ജയകുമാര്‍ പറഞ്ഞു. സെപ്റ്റംബര്‍ 20നായിരുന്നു ആഗോള അയ്യപ്പ സംഗമം. 45 ദിവസത്തിനകം കണക്ക് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.