മകളുടെ വിവാഹം നടത്താൻ നാട്ടിലെത്തിയ പ്രവാസിയെ മാല മോഷണക്കേസിൽ കുടുക്കി ജയിലിലടച്ച് പൊലീസിന്റെ ക്രൂരത. നീതി തേടി നടത്തിയ പോരാട്ടത്തിനൊടുവിൽ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാൻ ഹൈക്കോടതി വിധി. പരാതിക്കാരനും പ്രവാസിയുമായിരുന്ന തലശേരി ഈസ്റ്റ് കതിരൂർ സ്വദേശി വി.കെ.താജുദീന് 10 ലക്ഷം രൂപയും അദ്ദേഹത്തിന്റെ ഭാര്യക്കും 3 മക്കൾക്കും ഓരോ ലക്ഷം രൂപയും വീതം നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് പി.എം.മനോജ് ഉത്തരവിട്ടു.
ചെയ്യാത്ത തെറ്റിന് 54 ദിവസമാണ് താജുദീന് ജയിലിൽ കിടക്കേണ്ടി വന്നത്. കണ്ണൂർ ചക്കരയ്ക്കൽ സ്റ്റേഷനിലെ എസ്ഐയും നിലവിൽ കണ്ണൂർ ട്രാഫിക് പൊലീസ് സ്റ്റേഷൻ എസ്ഐയുമായ പി.ബിജു, ചക്കരയ്ക്കൽ സ്റ്റേഷനിലെ എഎസ്ഐമാരായിരുന്ന യോഗേഷ്, ടി.ഉണ്ണികൃഷ്ണൻ എന്നിവരിൽനിന്ന് പിഴത്തുക ഈടാക്കാനാണ് കോടതിയുടെ നിർദേശം. പക്ഷ, തുക ആദ്യം സർക്കാർ നൽകണം. ഉദ്യോഗസ്ഥർക്കെതിരെ സിവിൽ കോടതിയെ സമീപിക്കാനും പരാതിക്കാർക്ക് സാധിക്കുമെന്ന് കോടതി വ്യക്തമാക്കി.
ഖത്തറിൽ ‘റെന്റ് എ കാര്‍’ ബിസിനസ് നടത്തിയിരുന്ന താജുദീൻ 2018 ജൂൺ 25നാണ് നാട്ടിലെത്തിയത്. മകളുടെ വിവാഹത്തിന് 15 ദിവസത്തെ മാത്രം അവധി. ജൂലൈ 11ന് ബന്ധുവീട്ടിൽ നിന്ന് കുടുംബത്തോടൊപ്പം മടങ്ങുമ്പോൾ പൊലീസ് ജീപ്പ് മണ്ണില്‍പ്പുതഞ്ഞു കിടക്കുന്നതു കണ്ടു. പൊലീസ് വാഹനം നിർത്തിച്ച് സഹായം ചോദിച്ചതോടെ കാറിലുണ്ടായിരുന്നവർ ഇറങ്ങി വാഹനം തള്ളിക്കൊടുത്തു.
ഈ സമയം താജുദീൻ കാറിൽ നിന്ന് ഇറങ്ങിയിരുന്നില്ല. കാരണം ചോദിച്ച പൊലീസുകാരോട് നടുവേദനയാണ് എന്നു പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. ഇതോടെ കുറ്റവാളികളോടെന്ന വിധത്തിലായി പെരുമാറ്റം. താജൂദീനെ കാറിൽ നിന്ന് വലിച്ച് താഴെയിട്ട് ഫോട്ടോയെടുത്തു. താജുദീൻ ‘കള്ളനാ’ണെന്ന് പ്രഖ്യാപിച്ചു.
ഒരാഴ്ച മുന്‍പ് സ്കൂട്ടറിലെത്തി സ്ത്രീയുടെ അഞ്ചര പവന്‍ മാല പൊട്ടിക്കുന്ന സിസിടിവി ദൃശ്യത്തില്‍ കാണുന്നയാളെന്നു പറഞ്ഞ് താജുദ്ദീനെ അറസ്റ്റ് ചെയ്തു. കുടുംബാംഗങ്ങള്‍ക്കു മുന്‍പില്‍ വസ്ത്രമഴിപ്പിച്ചു നിര്‍ത്തി. കുടുംബത്തെ ഒന്നടങ്കം ആ രാത്രി ഒന്നരയ്ക്ക് സ്റ്റേഷനിലെത്തിച്ചു. തെളിവെടുപ്പ് നടത്തി നാട്ടുകാരുടേയും ബന്ധുക്കളുടേയും മുന്നില്‍ നാണം കെടുത്തി. 54 ദിവസങ്ങള്‍ക്കു ശേഷം ഹൈക്കോടതിയില്‍ നിന്നാണ് ജാമ്യം കിട്ടിയത്.
സിസിടിവിയിൽ മാല പറിച്ച ശേഷം രക്ഷപ്പെടുന്ന ഒരാളുടെ ദൃശ്യങ്ങള്‍ കാട്ടിയ ശേഷം അത് താജുദീനാണെന്ന് പ്രഖ്യാപിച്ചു. പിന്നാലെ അറസ്റ്റ്. എന്നാല്‍ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ യഥാര്‍ത്ഥ പ്രതിയെ പിടികൂടിയെങ്കിലും സമയത്ത് തിരിച്ചുപോകാനാകാതെ താജുദ്ദീനു ജോലിയും നഷ്ടപ്പെട്ടു. തന്റെ ജീവിതം നഷ്ടമായെന്നും ബിസിനസില്‍ നാലുകോടി രൂപ നഷ്ടമുണ്ടായെന്നും അതിന്റെ ചെറിയൊരംശമേ ആകുന്നുള്ളൂവെങ്കിലും നീതി കിട്ടിയെന്ന സന്തോഷമുണ്ടെന്ന് കോടതിവിധിയറിഞ്ഞതിനു പിന്നാലെ താജുദ്ദീന്‍ പ്രതികരിച്ചു.