തിരുവനന്തപുരം നഗരൂരിൽ പൊലീസ് വാഹനം തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കേസെടുത്തത് 9 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ. അപമര്യാദയായി പെരുമാറിയ പൊലീസിനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ. എസ്ഐയെ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധവുമായി പൊലീസ് അസോസിയേഷന്‍. ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല പൊലീസ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ആവശ്യം. ഇന്നലെയാണ് പൊലീസ് വാഹനം തടഞ്ഞുനിർത്തി ഡിവൈഎഫ്ഐക്കാര്‍ ഭീഷണിപ്പെടുത്തിയത്.
വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഫ്ലെക്സുകൾ തകർത്തതുമായി ബന്ധപ്പെട്ട് കേസ് എടുത്തതാണ് ഡിവൈഎഫ്ഐയെ പ്രകോപിപ്പിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് നഗരൂർ എസ്ഐ എൻ. അൻസാർ സഞ്ചരിച്ച പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയത്. നഗരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി രതീഷും ബ്രാഞ്ച് സെക്രട്ടറി വിഷ്ണു ഉൾപ്പെടെയുള്ളവരാണ് എസ്ഐക്ക് നേരെ തെറിവിളിച്ച് ഭീഷണി മുഴക്കുന്നത്.
പൊലീസ് ജീപ്പിനുള്ളിൽ നിന്ന് ഒരാൾ ദൃശ്യങ്ങൾ പകർത്തിയപ്പോൾ ഒരു കൂസലും ഇല്ലാതെ ഡിവൈഎഫ്ഐ പ്രവർത്തകരും ഈ അക്രമത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി. നഗരൂർ വെള്ളൂരിൽ പുതുയുഗ യാത്രയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിൽ സിപിഎം പ്രവർത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവരുടെ വീടുകളിൽ എത്തി നോട്ടീസ് നൽകുന്നതിടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിനെ തടഞ്ഞത്.
ഇതിനു പിന്നാലെ സ്റ്റേഷനിലെത്തിയും ഇതേ ഡിവൈഎഫ്ഐ നേതാക്കൾ ഭീഷണി മുഴക്കി. പിന്നാലെയാണ് 9 പ്രവർത്തകർക്കെതിരെ കേസെടുത്തത്. സംഘർഷ സാധ്യത മുൻനിർത്തി ആറ്റിങ്ങൽ ഡിവൈഎസ്പി സംഭവസ്ഥലത്ത് എത്തി.