ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ടിലെ ഭൂരിഭാഗം നിർദ്ദേശങ്ങളും നടപ്പാക്കി എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കത്തോലിക്ക കോൺഗ്രസ്. മുഖ്യമന്ത്രിയുടെയും, സർക്കാരിന്റെയും നിലപാട് അവഹേളനപരവും സമുദായത്തെ വഞ്ചിക്കുന്നതുമാണെന്ന് കത്തോലിക്ക കോൺഗ്രസ് വിമർശിച്ചു. റിപ്പോർട്ടിലെ നിർദേശങ്ങൾ പ്രസിദ്ധീകരിക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല.
എന്തൊക്കെ കാര്യങ്ങളാണ് നടപ്പാക്കിയത് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇല്ലാത്ത കാര്യങ്ങൾ നടത്തി എന്ന് പറയുന്ന പ്രചരവേല ഉത്തരവാദിത്തപ്പെട്ട ഭരണഘടന സ്ഥാപനത്തിന് ചേർന്നതല്ലെന്നും കത്തോലിക്ക കോൺഗ്രസ് വിമർശിച്ചു. കബളിപ്പിക്കാമെന്ന് സര്‍ക്കാര്‍ കരുതരുതെന്ന് ഫാ. ഫിലിപ് കവിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ജസ്റ്റിസ്. ജെ.ബി.കോശി കമ്മിഷന്‍റെ ശുപാര്‍ശകളിന്മേല്‍ സാധ്യമായത് എല്ലാം ചെയ്തെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 220 ശുപാര്‍ശകള്‍ നടപ്പാക്കി. ബാക്കിയുള്ളവയില്‍ ആശയക്കുഴപ്പം മാറ്റാന്‍ ഫെബ്രുവരി 6ന് യോഗം ചേരും. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കിയതിലെ പുരോഗതി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. കമ്മീഷന്‍ സമര്‍പ്പിച്ച 284 ശുപാര്‍ശകളും 45 ഉപശുപാര്‍ശകളുമാണ് സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചത്. 17 വകുപ്പുകള്‍ പൂര്‍ണമായി ശുപാര്‍ശ നടപ്പിലാക്കുകയും 220 ശുപാര്‍ശകളിലും ഉപശുപാര്‍ശകളിലും നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് എല്ലാ തലത്തിലും കൃത്യമായ പഠനം നടത്തിയാണ് ശുപാർശകൾ സമർപ്പിച്ചതെന്ന് ജസ്റ്റിസ് ജെ.ബി.കോശി. ശുപാർശകൾ വിവിധ ഡിപ്പാർട്ട്മെന്റുകളിലേക്ക് കൈമാറിയ വിവരം അറിയിച്ചിട്ടുണ്ട്. ശുപാർ നടപ്പാക്കണം എന്നത് സർക്കാരിൻ്റെ വിവേചനാധികാരമെന്നും ജെ.ബി.കോശി മനോരമ ന്യൂസിനോട് പറഞ്ഞു.