athijeevitha-husband-bjp

പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി നേതൃത്വം തന്നോട് ആവശ്യപ്പെട്ടുവെന്ന് അതിജീവിതയുടെ ഭര്‍ത്താവ്. ബിജെപിയില്‍ നിന്ന് തന്നെ പുറത്താക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. തന്‍റെ വിശദീകരണം പോലും കേള്‍ക്കാതെയാണ് പാര്‍ട്ടി നടപടിയെടുത്തതെന്നും യുവാവ് പറയുന്നു. പരാതിയുമായി താന്‍ മുന്നോട്ട് പോകുമെന്ന് അറിയിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. 

ഇന്നലെയാണ് യുവമോര്‍ച്ചയുടെ ഭാരവാഹിത്വത്തില്‍ നിന്ന് പരാതിക്കാരിയുടെ ഭര്‍ത്താവിനെ ഒഴിവാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയിന്‍മേല്‍ നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടിയെന്നും മറ്റു കാരണങ്ങള്‍ ഇല്ലെന്നുമായിരുന്നു യുവമോര്‍ച്ച പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്‍റ് വേണുഗോപാലിന്‍റെ വിശദീകരണം.

തന്‍റെ കുടുംബ ജീവിതം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തകര്‍ത്തുവെന്നും തനിക്കും നീതി വേണമെന്നും യുവാവ് കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും ഈ മാസം രണ്ടിന് പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും ഇത് ഖേദകരമാണെന്നും യുവാവ് ആരോപിച്ചിരുന്നു. താനും ഭാര്യയുമായുള്ള പ്രശ്നം പരിഹരിക്കാന്‍ എത്തിയെന്നാണ് രാഹുല്‍ അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ തന്നെയും വിളിച്ച് സംസാരിക്കേണ്ടിയിരുന്നു. അതുണ്ടായില്ല. അതില്‍ നിന്നുതന്നെ എംഎല്‍എയുടെ ഉദ്ദേശം വ്യക്തമാണ്. എംഎല്‍എ അന്തസില്ലാത്ത പ്രവര്‍ത്തി ചെയ്തിട്ട് ഇപ്പോഴും പാലക്കാട് വിലസുകയാണെന്നും പുറത്തു പറഞ്ഞാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന് കരുതുന്ന ഒരുപാട് പേര്‍ക്ക് വേണ്ടി കൂടിയാണ് താനിതൊക്കെ പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. 

അതിജീവിതയുമായുള്ള വിവാഹമോചന നടപടികള്‍ക്കായി അപേക്ഷ വൈകാതെ സമര്‍പ്പിക്കുമെന്നും മാതാപിതാക്കളുടെ ഏകമകനാണ് താനെന്നും വലിയ വേദനയിലൂടെയാണ് കടന്നുപോകുന്നതെന്നും നീതി ലഭിക്കുന്നത് വരെ പോരാടുമെന്നും യുവാവ് വ്യക്തമാക്കി.

ENGLISH SUMMARY:

The husband of the woman who accused Palakkad MLA Rahul Mamkootathil of sexual assault claims BJP pressured him to drop the case. He alleges a conspiracy behind his removal from Yuva Morcha and vows to continue his legal battle for justice.