ചികില്‍സകിട്ടാതെ കൊല്ലം ചവറ സ്വദേശി വേണു മരിച്ചതില്‍ സി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളജിനു വരെ ഗുരുതര വീഴ്ചയെന്നു ഡിഎംഇയുടെ അന്വേഷണ റിപ്പോര്‍ട്. സിസ്റ്റം തകരാറുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ജീവനക്കാരെ ആരെയും റിപ്പോര്‍ടില്‍ കുറ്റപ്പെടുത്തുന്നില്ല. മരണകാരണം ആശുപത്രി പിഴവാണെന്ന ഏറ്റുപറച്ചിലോടെ സര്‍ക്കാര്‍ നിര്‍ധന കുടുംബത്തിനു സഹായം നല്‍കുമോയെന്നാണ് ഇനി അറിയേണ്ടത്.
മെഡിക്കല്‍ കോളജില്‍ കിടക്കുമ്പോള്‍ ചികില്‍സ കിട്ടാത്ത നൊമ്പരം സുഹൃത്തിനോടു പങ്കുവെച്ചത് ഹൃദയ വേദനയോടെയാണ് കേരളവും കേട്ടത്. ഭര്‍ത്താവിന്‍റെ മരണത്തിനു ഉത്തരവാദി ആശുപത്രിയാണെന്നു ഭാര്യ സിന്ധു അന്നേ ചൂണ്ടിക്കാട്ടിയിരുന്നു.2025 നവംബര്‍ 1 ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വേണു നവംബര്‍ 5 നാണ് മരിക്കുന്നത്.
സിന്ധു പറഞ്ഞത് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജും, സര്‍ക്കാരും കേട്ടില്ലെങ്കിലും ഡി.എം.ഇ അക്ഷരം പ്രതി ശരിവെയ്ക്കുന്നു. റിപ്പോര്‍ട്ടില്‍ പറയുന്നത് ഇവയാണ്. കൊല്ലത്തെ ജില്ലാ ആശുപത്രിയിില്‍ അടിയന്തിര ചികില്‍സ നല്‍കിയിരുന്നെങ്കില്‍ വേണുവിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നു. കാത്ത് ലാബ് മുഴുവന്‍ പ്രവര്‍ത്തിക്കാത്തതാണ് തിരിച്ചടിയായത്.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഐ.സി.യുവില്‍ പ്രവേശിപ്പിച്ചില്ല. വീല്‍ചെയറില്‍ വേണുവിനെ കൊണ്ടു പോകാന്‍ ബുദ്ധിമുട്ടിയ ഭാര്യയെ ജീവനക്കാര്‍ സഹായിച്ചില്ലെന്നു പറയുന്ന റിപ്പോര്‍ടില്‍ പക്ഷെ ജീവനക്കാരെ ആരെയും പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ല. മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ രോഗികളോട് നന്നായി പെരുമാറണമെന്ന ഉപദേശം മാത്രമാണ് ഡി.എം.ഇ റിപ്പോര്‍ടില്‍ നല്‍കിയിരിക്കുന്നത്. രണ്ടു പെണ്‍ മക്കളടങ്ങുന്ന നിര്‍ധന കുടുംബത്തിനു വേണുവായിരുന്നു ആശ്രയം.