പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. 83 വയസായിരുന്നു. പുനൈയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലിന്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള പോരാട്ടത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു മാധവ് ഗാഡ്ഗില്‍. ജൈവവൈവിധ്യ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കി.മീ വിസ്തൃതിയുടെ മുക്കാൽ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഏറെ വിവാദമായിരുന്നു.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പാറഖനനം, അണക്കെട്ട് നിർമാണം തുടങ്ങിയവ നിയന്ത്രിക്കണമെന്ന് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. പത്മശ്രീ (1981), പത്മഭൂഷൺ (2006) ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനു തുടക്കത്തിൽ കേരളത്തിൽ ഏറെ എതിർപ്പുകൾ നേരിട്ടെങ്കിലും 2018ലെ പ്രളയത്തിനും വയനാടിൽ അടക്കമുള്ള പ്രകൃതിദുരന്തങ്ങൾക്കും ശേഷം സ്വീകാര്യത ലഭിച്ചു. വയനാട്ടിൽ 2024ലുണ്ടായ ഉരുൾപൊട്ടൽ ദുരന്തം ക്വാറികളുടെ നിരന്തരപ്രവർത്തനവും പാറപൊട്ടിക്കലും കാരണമെന്നാണ് പ്രഫ. മാധവ് ഗാഡ്ഗിൽ വിശേഷിപ്പിച്ചത്. കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാകുമെന്നു മുന്നറിയിപ്പും അദ്ദേഹം നൽകിയിരുന്നു.
നാശഭീഷണി നേരിടുന്ന പശ്ചിമഘട്ടത്തെ 3 മേഖലകളായി തിരിച്ച് പരിഹാരനിർദേശങ്ങൾ മുന്നോട്ടുവച്ച റിപ്പോർട്ട്, ചില മേഖലകളിൽ ഖനനവും നിർമാണവും പാറ പൊട്ടിക്കലും മണ്ണെടുക്കലും ഉൾപ്പെടെ നിരോധിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ റിപ്പോർട്ടിലെ ശുപാർശകൾ ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ല. പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സംഘടന (യുഎൻ) നൽകുന്ന പരമോന്നത ബഹുമതിയായ ‘ചാംപ്യൻസ് ഓഫ് ദി എർത്ത്’ പുരസ്കാരം 2024ൽ ലഭിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾക്കായിരുന്നു പുരസ്കാരം. ബയോഡൈവേഴ്‌സിറ്റി ആക്‌ട് സമിതിയിൽ അംഗമായിരുന്നു
വന്യജീവികളുടെ ആക്രമണങ്ങളിൽ കർഷകർക്കൊപ്പമാണ് ഗാഡ്ഗിൽ നിലയുറപ്പിച്ചത്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാനുള്ള അവകാശത്തിനു വിരുദ്ധമായി, വന്യജീവിസംരക്ഷണത്തിനു മാത്രം പ്രാമുഖ്യം നൽകുന്ന 1972 ലെ വന്യജീവിസംരക്ഷണ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കർഷകരുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാൻ കഴിയാത്ത വനംവകുപ്പ് പിരിച്ചുവിട്ട് മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണു വേണ്ടതെന്നും 2025 ഒക്ടോബറിൽ കേരളത്തിൽ വെള്ളരിക്കുണ്ടിൽ നടന്ന കർഷകരുടെ പ്രതിഷേധ പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞിരുന്നു.
1942-ൽ പൂണെയിൽ ജനിച്ച മാധവ് ഗാഡ്ഗിൽ പുണെയിലെ ഫെർഗൂസൻ കോളജ്, ബോംബെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഹാർവഡ് യൂണിവേഴ്‌സിറ്റി എന്നിവയിൽനിന്നാണ് ഉന്നതവിദ്യാഭ്യാസം നേടിയത്. ഡോ. സുലോചന ഗാഡ്ഗിലാണ് ഭാര്യ.