accident-pilgrims

സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിലുണ്ടായ വാഹനപകടങ്ങില്‍ പൊലിഞ്ഞത് നാല് ജീവനുകള്‍. തിരുവനന്തപുരം പള്ളിച്ചലില്‍ ബൈക്കിന് പിന്നില്‍ ലോറിയിടിച്ച് ദമ്പതികള്‍ മരിച്ചു. പത്തനംതിട്ട റാന്നിയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചും  പാലക്കാട്‌ വടക്കഞ്ചേരിയിൽ ലോറിയിടിച്ചും രണ്ട് അയ്യപ്പഭക്തര്‍ക്ക് ജീവന്‍ നഷ്ടമായി.

പത്തനംതിട്ട റാന്നി മന്ദിരംപടിയിൽ ശബരിമല തീര്‍ഥാടകരുടെ കാറും ബസുമാണ് കൂട്ടിയിടിച്ചത്. ആന്ധ്രാ സ്വദേശികളുടെ കാർ നിയന്ത്രണം വിട്ട് തമിഴ്നാട് സ്വദേശികളുടെ ബസ്സിലേക്ക് ഇടിച്ചു കയറിയാണ് അപകടം.  ആന്ധ്രാപ്രദേശ് സ്വദേശിയായ വിനോദ് ആണ് മരിച്ചത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ എട്ടുപേര്‍ക്ക് പരുക്കേറ്റു. 

തിരുവനന്തപുരം  പള്ളിച്ചലില്‍  നിര്‍ത്തിയിട്ട ബൈക്കിന് പിന്നില്‍ ലോറിയിടിച്ചാണ് ദമ്പതികള്‍ക്ക് ജീവന്‍ നഷ്ടമായത്. മുക്കോല സ്വദേശി 21 കാരനായ അമല്‍, ആലപ്പുഴ കൈചൂണ്ടി മുക്ക് സ്വദേശിനി ദേവി കൃഷ്ണ എന്നിവരാണ് മരിച്ചത്. പെണ്‍കുട്ടി തിരുവനന്തപുരത്ത് സ്വകാര്യസ്ഥാപനത്തിലെ വിദ്യാര്‍ഥിയാണ്. പാലക്കാട്‌ വടക്കഞ്ചേരിയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന ശബരിമല തീര്‍ഥാടകന്‍ ലോറി ഇടിച്ച് മരിച്ചു. കോയമ്പത്തൂർ ഗാന്ധിപുരം സ്വദേശി ഗുണശേഖരൻ ആണ് മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് വരുന്ന വിശ്രമിക്കാനായി വാഹനം നിര്‍ത്തിയപ്പോഴായിരുന്നു അപകടം. 

ENGLISH SUMMARY:

Road accidents in Kerala have claimed four lives today. The accidents occurred in various locations including Thiruvananthapuram, Pathanamthitta, and Palakkad.