ജമാ അത്തെ ഇസ്‌ലാമി പരാമർശത്തിൽ സിപിഎം കേന്ദ്രകമ്മറ്റി അംഗം എ.കെ. ബാലനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . കേരളത്തിന്റെ അനുഭവം ഓര്‍മിപ്പിച്ചത് എങ്ങനെ വര്‍ഗീയതയാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇന്നത്തെ കേരളം നമ്മുടെ രാജ്യത്തിന് മുന്നിലൊരു മാതൃകയാണ്. വർഗീയ സംഘർഷങ്ങളും വർഗീയ കലാപങ്ങളുമില്ല. എന്നാൽ, അതിൽനിന്ന് വ്യത്യസ്തമായ ചിത്രം കേരളത്തിനുണ്ടായിരുന്നു. അതായിരുന്നു എ.കെ. ബാലൻ ഓർമിപ്പിച്ചത് എന്നാണ് താൻ കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആന്റണി മാറാട് പോയത് കുഞ്ഞാലിക്കുട്ടിയെ കൂട്ടാതെയാണ്. ആര്‍എസ്എസ് എതിര്‍ത്തതാണ് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നത്തെ കേരളം നമ്മുടെ രാജ്യത്തിന് മാതൃകയാണ്. വർഗീയ സംഘർഷങ്ങളും വര്‍ഗീയ കലാപങ്ങളുമില്ല. എന്നാൽ, അതിൽനിന്ന് വ്യത്യസ്തമായ ചിത്രം കേരളത്തിൽ ഉണ്ടായിരുന്നു. അതാണ് എ.കെ. ബാലൻ ഓർമിപ്പിച്ചത് എന്നാണ് ഞാൻ കരുതുന്നത്. അതിനിഷ്ഠൂരമായ കലാപമായിരുന്നു മാറാട് കലാപം. അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി അവിടെ സന്ദർശിക്കുമ്പോൾ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കൂടെ വരാൻ പാടില്ലെന്ന് ആർഎസ്എസ് നിബന്ധനവെച്ചിരുന്നു. അതനുസരിച്ച് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുത്തില്ല.
ഞാൻ പാർട്ടി ഭാരവാഹിയായിരിക്കെ അവിടെ ആരുടെ അനുമതിയും വാങ്ങാതെ അവിടെ പോയിരുന്നു. യു.ഡി.എഫ് വർഗീയതയെ എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രശ്നം. അതിന്റെ ഉദാഹരണമാണ് അവിടെ കണ്ടത്. വർഗീയ ശക്തികൾ കേരളത്തിൽ ഇപ്പോഴുമുണ്ട്. പക്ഷേ, അവർക്ക് അഴിഞ്ഞാടാൻ കഴിയുന്നില്ല. അവർ തലപൊക്കാൻ ശ്രമിച്ചാൽ കർക്കശമായി നേരിടും. ഏത് വർഗീയതയായാലും നാടിനാപത്താണ് എന്ന നിലപാടാണ് എൽ.ഡി.എഫ് സ്വീകരിച്ചത്. ഈ പറയുന്ന തരത്തിൽ ഒരു നിലയുണ്ടായാൽ യുഡിഎഫ് എന്ത് സമീപനം സ്വീകരിക്കുമെന്ന് സൂചിപ്പിക്കാനാണ് ബാലൻ ശ്രമിച്ചത് എന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.