പത്തുവർഷം കേരളം ഭരിച്ചു മുടിച്ചിട്ടും, അതിനുള്ള മറുപടി ജനങ്ങൾ 2025-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലൂടെ നൽകിയിട്ടും, പി.ആർ. (PR) കൊണ്ട് ഒരു കൊട്ടാരം കെട്ടിക്കൊണ്ടിരിക്കുകയാണ് പിണറായി വിജയൻ സർക്കാരെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.
സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കി വീടുകൾ തോറും കയറിയിറങ്ങുന്ന സർവ്വേ പരിപാടി മുതൽ, സ്കൂൾ - കോളേജ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സർക്കാരിന്റെ പ്രവർത്തനങ്ങൾ വിളിച്ചോതുന്ന ക്വിസ് പരിപാടികൾ വരെയുള്ള വ്യത്യസ്തങ്ങളായ പി.ആർ. എക്സസൈസുകളാണ് (PR Exercise) സർക്കാർ ആവിഷ്കരിക്കുന്നതെന്ന് അലോഷ്യസ് സേവ്യർ വിമർശിച്ചു. ഇത്തരം പ്രയത്നങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് 'ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്' മത്സരം. ഖജനാവിൽ നിന്ന് പണമെടുത്ത് മുഖ്യമന്ത്രിയുടെ വാഴ്ത്തുപാട്ടുകൾ വിദ്യാർത്ഥികൾക്കിടയിൽ പടർത്തുന്നതിനായി ഒരു മത്സരത്തിന്റെ രൂപത്തിൽ പി.ആർ. വർക്ക് നടത്താനാണ് സർക്കാർ ഒരുങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇ-ഗ്രാന്റ് ആനുകൂല്യങ്ങൾ കൃത്യസമയത്ത് ലഭിക്കാതെ പഠനം പ്രതിസന്ധിയിലായ വിദ്യാർത്ഥികളും, പുതിയ തസ്തികകൾ സൃഷ്ടിക്കാതെ താൽക്കാലിക അധ്യാപകരെ വെച്ച് പ്രവർത്തിക്കുന്ന സർവകലാശാലകളും സ്കൂളുകളും കേരളത്തിലുള്ളപ്പോഴാണ് സർക്കാർ മറ്റൊരു കണ്ണിൽപ്പൊടിയിടൽ ക്യാമ്പയിനുമായി എത്തിയിരിക്കുന്നത്. "പണിയൊന്നും ചെയ്തില്ലെങ്കിലും പണി എടുത്തു എന്ന് തോന്നിപ്പിക്കുന്ന പി.ആർ. നടത്തിയാൽ മതി" എന്നതാണ് സർക്കാരിന്റെ നയം. ഈ തന്ത്രത്തിലൂടെ കേരളത്തിലെ വിദ്യാർത്ഥികളെ കയ്യിലെടുക്കാം എന്നാണ് സർക്കാർ വിചാരിക്കുന്നതെങ്കിൽ അതിനെ ഏതുവിധേനയും കെ.എസ്.യു. തടയുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ പി.ആർ. ക്വിസ് മത്സരത്തിനെതിരെ, ഭരണപരാജയങ്ങൾ ചോദ്യോത്തരങ്ങളായി അവതരിപ്പിച്ചുകൊണ്ട് കേരളത്തിലുടനീളം ബദൽ ക്വിസ് മത്സരങ്ങൾ കെ.എസ്.യു. സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.