ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാര്‍ ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നു കൊല്ലം വിജിലന്‍സ് കോടതി. ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി പരാമര്‍ശം. വേലിതന്നെ വിളവ് തിന്നുവെന്നു നിരീക്ഷിച്ച കോടതി ഉത്തരവാദിത്തില്‍ നിന്നു ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
തന്ത്രിയുടെ അഭിപ്രായം അവഗണിച്ചാണ് പാളികള്‍ കൊടുത്തുവിട്ടതെന്നും പത്മകുമാറിനു പോറ്റിയുമായി 2018 മുതല്‍ ബന്ധമുണ്ടെന്നും എസ്.ഐ.ടി കോടതിയെ ധരിപ്പിച്ചു. പത്മകുമാറിന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചു. വിധിയുടെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ പത്മകുമാറിൻ്റെ ജാമ്യാപേക്ഷ ഇന്നലെ കൊല്ലം വിജിലൻസ് കോടതി തള്ളിയിരുന്നു. ദ്വാരപാലക ശിൽപങ്ങളുടെ കേസിലാണ് പത്മകുമാർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിലും പത്മകുമാറിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസിലും ദ്വാരപാലക ശിൽപങ്ങളുടെ കേസിലും പത്മകുമാർ പ്രതിയാണ്. ദ്വാരപാലക പാളികളിലെ സ്വർണകവർച്ചയിൽ പത്മകുമാറിനും പങ്കുണ്ടെന്നു തെളിഞ്ഞതിനെ തുടർന്നാണ് അന്വേഷണ സംഘം പ്രതിചേർത്തത്. അന്നത്തെ ബോർഡിനും പ്രസിഡൻ്റായിരുന്ന പത്മകുമാറിനും പങ്കുണ്ടെന്നാണു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള പത്മകുമാറിന്റെ അടുപ്പം ദ്വാരപാലക പാളികൾ കൈമാറുന്നതിലും നിർണായകമായിട്ടുണ്ട്.