പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സതീശന്‍റെ വിദേശയാത്ര മാനദണ്ഡങ്ങള്‍ ലംഘിച്ചും ഗൂഢാലോചനയുടെ ഭാഗമായെന്നുമാണ് റിപ്പോര്‍ട്ട്. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും സ്വകാര്യ സന്ദര്‍ശനത്തിനുമാണ് സതീശന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയത്. 

നിയമസഭ സെക്രട്ടറി നല്‍കിയ എന്‍.ഒ.സി രേഖയിലും ഇക്കാര്യം വ്യക്തം. ഇത് ലംഘിച്ചാണ് സതീശന്‍ യു.കെയിലെത്തി പണപ്പിരിവ് നടത്തിയത്. മണപ്പാട്ട് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തവരോട് സതീശന്‍ പണം ആവശ്യപ്പെടുന്ന വീഡിയോ പണപ്പിരിവിന് തെളിവാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് തന്നെ സതീശനും മണപ്പാട്ട് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അമീര്‍ അഹമ്മദും നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് വിദേശയാത്രാ അനുമതി വാങ്ങിയതും നിര്‍ദേശങ്ങള്‍ ലംഘിച്ചതെന്നുമാണ് വിജിലന്‍സ് വിലയിരുത്തല്‍

വി.ഡി.സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ അവിശുദ്ധ ബന്ധം; വിജിലന്‍സ് റിപ്പോര്‍ട്ട്

പുനര്‍ജനി പദ്ധതിക്കായുള്ള വിദേശഫണ്ട് പിരിവില്‍ വി.ഡി.സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ അവിശുദ്ധ ബന്ധമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. സതീശന്‍റെ വിദേശയാത്രയുടെ ചെലവ് വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനെന്നും റിപ്പോര്‍ട്ടില്‍. അതേസമയം കേസ് സി.ബി.ഐക്ക് വിടുന്നതില്‍ നിയമോപദേശം തേടിയ ശേഷമെ സര്‍ക്കാര്‍ അന്തിമതീരുമാനം എടുക്കൂ.

പുനര്‍ജനി പദ്ധതിക്കായി പിരിച്ച വിദേശ പണം വി.ഡി.സതീശന്‍റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. സതീശനെതിരെ കേസെടുക്കാന്‍ പ്രധാന തടസമായതും ഇതാണ്. എന്നാല്‍ അതുകൊണ്ട് സതീശന് ക്ലീന്‍ ചിറ്റ് നല്‍കേണ്ടെന്ന് വ്യക്തമാക്കിയാണ് 11 മാസം മുന്‍പ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. പണപ്പിരിവിനായുള്ള  സതീശന്‍റെ വിദേശയാത്രയുടെ വിമാനടിക്കറ്റും താമസസൗകര്യവും മറ്റ് ചെലവുകളുമെല്ലാം വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണ്.

അതുകൊണ്ട് തന്നെ പണപ്പിരിവ് യാത്രക്ക് പിന്നില്‍ സതീശനും ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അമീര്‍ അഹമ്മദും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടും ഗൂഢാലോചനയുമുണ്ടെന്ന് സംശയമാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. ഇത്തരത്തില്‍ പിരിച്ച പണം കൈകാര്യം ചെയ്യാനായി മണപ്പാട്ട് ഫൗണ്ടേഷന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങി. 2018 നവംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ ആ അക്കൗണ്ടില്‍ ഇടപാടുകള്‍ നടന്നു. ഒരു കോടി ഇരുപത്തിയേഴ് ലക്ഷത്തിലധികം രൂപയാണ് ഇങ്ങിനെ പിരിച്ചത്. പണം സ്വരൂപിച്ചത് മിഡ് ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റ് എന്ന സംഘടനയാണ്. അവരാണ് മണപ്പാട്ട് ഫൗണ്ടേഷനിലേക്ക് പണം കൈമാറിയത്.

എന്നാല്‍ ഇവര്‍ തമ്മില്‍ രേഖാമൂലമുള്ള കരാറുകളൊന്നുമില്ലെന്നും അതിനാല്‍ ഇടപാട് മൊത്തത്തില്‍ ദുരൂഹമെന്നുമാണ് സി.ബി. ഐ അന്വേഷണ ശുപാര്‍ശയുടെ കാരണമായി വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വരുന്നതല്ലാതെ, സി.ബി.ഐ അന്വേഷണത്തിന് വിടാനുള്ള തീരുമാനം സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. നിയമവശം പരിശോധിച്ച് അടുത്ത ആഴ്ചയോടെ അന്തിമതീരുമാനമെന്നതാണ് നിലപാട്.

ENGLISH SUMMARY:

V.D. Satheesan is under scrutiny following a vigilance report revealing potential violations during his foreign trip related to the Punarjani project. The report suggests a conspiracy involving Satheesan and the Manappat Foundation, raising concerns about foreign funding and ethical breaches.