ഇരുപതിനായിരം രൂപക്കു പകരം ഇരുപതിനായിരം ഡോളര്‍ വിദേശ പൗരന് കൈമാറി പൊതുമേഖലാബാങ്ക്. കേരള സര്‍വകലാശാലയുടെ പണമാണ് ഇത്തരത്തില്‍ നഷ്ടമായത്. ബാങ്ക് തെറ്റു സമ്മതിച്ചെന്നും പണം തിരികെ ലഭിക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. അതേസമയം വിദേശ പൗരനെ പ്രഭാഷണത്തിന് വിളിച്ച വകുപ്പ് മേധാവിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവുമായി സേവ് യൂണിവേഴ്സിറ്റി സമിതി രംഗത്തെത്തി.
രൂപയും ഡോളറും മാറിപ്പോയ വിവരം പുറത്തുവന്നത് രണ്ടരവര്‍ഷം കഴിഞ്ഞാണ്. കേരള സര്‍വകലാശാലയിലെ ലാറ്റിന്‍ അമേരിക്കന്‍ പഠന കേന്ദ്രം ഒരു പ്രഭാഷണം സംഘടിപ്പിച്ചു. വിദേശ പൗരനാണ് പ്രഭാഷണത്തിനെത്തിയത് . ഇരുപതിനായിരം ഇന്ത്യന്‍ രൂപക്ക് തുല്യമായ 230 അമേരിക്കന്‍ഡോളര്‍ ഈ വ്യക്തിക്ക് കൈമാറാന്‍ സര്‍വകലാശാല അക്കൗണ്ടുള്ള ബാങ്കിന് നിര്‍ദേശം നല്‍കുകയിരുന്നു. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ബ്രാഞ്ചില്‍ നിന്ന് ഇരുപതിനായിരം രൂപക്ക് പകരം ഇരുപതിനായിരം ഡോളര്‍ കൈമാറി.
വിവരം അറിഞ്ഞതും വകുപ്പ് മേധാവിയും സര്‍വകലാശാലയും ബാങ്കിന് പരാതി നല്‍കി. വീഴ്ച സമ്മതിച്ച ബാങ്ക് പണം തിരികെ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു എന്നറിയിച്ചിട്ട് രണ്ടര വര്‍ഷം കഴിഞ്ഞു. വിദേശ പൗരന്‍ അമേരിക്കന്‍ ബാങ്കിലേക്ക് തുക കൈമാറിയെങ്കിലും നടപടികള്‍ വൈകുന്നതിനാല്‍ പണം ഇതുവരെ സര്‍വകലാശാല അക്കൗണ്ടില്‍ എത്തിയിട്ടില്ല. എന്നാല്‍ പ്രഭാഷണം സംഘടിപ്പിച്ച വകുപ്പ് മേധാവിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവുമായി സേവ് യൂണിവേഴ്സിറ്റി സമിതി രംഗത്തെത്തിയിരിക്കുകയാണ്.