ശബരിമലയില്‍ തീര്‍ഥാടകരുടെ വരവിൽ നേരിയ കുറവുള്ളതിനാൽ മരക്കൂട്ടം തുടങ്ങിയുള്ള നിയന്ത്രണം ഒഴിവാക്കി. നടപ്പന്തൽ വരെ സ്വാമിമാർക്ക് തടസങ്ങളില്ലാതെ എത്തി ദർശനം നടത്താൻ കഴിയുന്നുണ്ട്.
പമ്പ വഴിയെത്തി അപ്പാച്ചിമേട് കയറി തളരുന്ന സ്വാമിമാർക്ക് മരക്കൂട്ടം തുടങ്ങിയുള്ള കാത്ത് നിൽപ്പിന് താൽക്കാലിക ആശ്വാസം. നടപ്പന്തൽ വരെ കാര്യമായ നിയന്ത്രണമില്ലാതെ നീങ്ങി സ്വാമിമാർക്ക് പതിനെട്ടാം പടി ചവിട്ടാം. എട്ട് മണിക്കൂറിലേറെ ദർശനത്തിന് കാത്ത് നിൽക്കുന്ന സ്ഥിതിക്ക് മാറ്റമുണ്ട്.
കഴിഞ്ഞ ദിവസം എൺപതിനായിരത്തിനോട് അടുത്ത് സ്വാമിമാരാണ് ശബരിമല ദർശനം നടത്തിയത്. പുല്ലുമേട് വഴി ആറായിരത്തി അഞ്ഞൂറിലേറെ സ്വാമിമാരെത്തി. മകരവിളക്കിന് പത്ത് ദിവസം മാത്രം ശേഷിക്കെ വരും ദിവസങ്ങളിൽ സന്നിധാനത്തേക്ക് തീർഥാടക പ്രവാഹം പ്രതീക്ഷിക്കുന്നുണ്ട്. മകരവിളക്കിന് മുന്നോടിയായി സന്നിധാനത്തെ പൊലീസിന്റെ സുരക്ഷാ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.