കെ.പി.ശങ്കരദാസ്
ശബരിമലയിൽ നടന്നത് വൻ ക്രമക്കേടെന്ന് സുപ്രീം കോടതി. ദൈവത്തിനെ പോലും വെറുതെ വിട്ടില്ലല്ലോ എന്നും കോടതി പരാമർശിച്ചു. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്ന ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന്റെ ഹർജി തള്ളിയാണ് സുപ്രീംകോടതി പരാമർശം. ശങ്കരദാസ് മുൻകൂർ ജാമ്യം തേടി കൊല്ലം കോടതിയിൽ ഹർജി നൽകി. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്ന ഹർജി പരിഗണിച്ച് സുപ്രീംകോടതി നടത്തിയത് അതിലേറെ ഗൗരവതരമായ പരാമർശങ്ങൾ. ശബരിമലയിൽ നടന്നത് സമാനതകൾ ഇല്ലാത്ത കൊള്ളയെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. ശങ്കരദാസിന്റെ ഹർജി തള്ളിയ കോടതി നിങ്ങൾ ദൈവത്തിന് പോലും വെറുതെ വിട്ടില്ലല്ലോ എന്ന് പറഞ്ഞു.
ക്രമക്കേട് നടക്കുന്ന സമയത്തെ ദേവസ്വം ബോർഡ് അംഗമെന്നുള്ള രീതിയിൽ ശങ്കർദാസിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല എന്ന് ചൂണ്ടിക്കാണിച്ചുമാണ് സുപ്രീം കോടതി ഹർജി തള്ളിയത്. സ്വർണക്കൊള്ള നടന്ന കാലത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനെ മാത്രം അറസ്റ്റ് ചെയ്യുകയും തുല്യ ഉത്തരവാദിത്തമുള്ള ബോർഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, പി.വിജയകുമാർ എന്നിവരുടെ അറസ്റ്റ് ചെയ്യത് എന്തെന്നായിരുന്നു ഹൈക്കോടതിയുടെ നേരത്തെയുള്ള പരാമർശം.
അതേസമയം മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് കൊല്ലം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളാണ് ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ പാലിക്കാൻ നിർദ്ദേശിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് അത് ലംഘക്കപ്പെട്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. . മുൻകൂർ ജാമ്യം വേണമെങ്കിൽ വിചാരണ കോടതിയെ സമീപിക്കാനാണ് നേരത്തെ സുപ്രീം കോടതിയും ശങ്കർദാസിന്റെ ഹർജി പരിഗണിക്കവെ ആവശ്യപ്പെട്ടത്.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ആറാഴ്ചത്തെ സമയമാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ആവശ്യപ്രകാരം ദേവസ്വം ബെഞ്ച് അനുവദിച്ചത്. ഈ മാസം 19ന് എസ്.ഐ.ടി ഹൈക്കോടതിയിൽ അടുത്ത ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണ സംഘത്തിൽ രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്താൻ അവധിക്കാല ഡിവിഷൻ ബെഞ്ച് അനുമതി നൽകിയിരുന്നു.
എന്നാൽ ഇവർക്ക് സിപിഎം ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇവർക്ക് പകരം പുതിയ രണ്ട് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുമെന്ന് എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചു. ഇതിന് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് അനുമതി നൽകി.