മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ സത്യൻ അന്തിക്കാടിന് ഇന്ന് 71 ആം ജന്മദിനം. ഗ്രാമീണ ജീവിതങ്ങളുടെ കഥ പറഞ്ഞ സിനിമകൾ മലയാളി ആസ്വദിച്ച് അറിഞ്ഞത് സത്യൻ അന്തിക്കാട് എന്ന സംവിധായകനിൽ നിന്നാണ്. സൗഹൃദവും സിനിമയും കൈമുതലായ സംവിധായകന് പിറന്നാൾ ആശംസകൾ.
സത്യൻ അന്തിക്കാടിൻ്റേത് വെറും സിനിമകൾ ആയിരുന്നില്ല. ഗ്രാമീണ ജീവിതങ്ങൾ ആയിരുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ അവബോധമുളള സംവിധായകൻ. 1974ല്‍ കോളജ്‌ഗേള്‍ എന്ന സിനിമയില്‍ സഹസംവിധായകനായി തുടങ്ങി 50 വർഷം കൊണ്ട് ഈ അന്തിക്കാട്ടുകാരന്‍ നടന്നു കയറിയത് മലയാള സിനിമയുടെ നെറുകയിലേക്കായിരുന്നു. സംവിധാനം ചെയ്ത സിനിമകളിലേറെയും സൂപ്പര്‍ഹിറ്റുകള്‍. അതിലുപരി കാമ്പും കഴമ്പും കാതലുമുള്ള ചിത്രങ്ങള്‍.
ഗ്രാമീണ സൗന്ദര്യത്തിനപ്പുറം ത്രില്ലര്‍ സിനിമകളും സത്യന്റെ സിനിമാ പ്രപഞ്ചത്തിലുണ്ട്. കാച്ചിക്കുറുക്കി കഥ പറയുക എന്നതാണ് സത്യൻ്റെ ശൈലി. ഏറ്റവും കുറഞ്ഞ ഷോട്ടുകളിലുടെ ഏറ്റവും മികച്ച ആശയം പ്രേക്ഷകന് നൽകി ആ സംവിധായകൻ. അഭിനേതാക്കളെയും എഴുത്തുകാരെയും മോള്‍ഡ് ചെയ്യാനുളള സത്യന്റെ കഴിവ് അപാരമാണ്. ഇന്നും സംഗീത പ്രേമികള്‍ മൂളി നടക്കുന്ന പല പാട്ടുകളും ഈ സംവിധായകൻ്റെ തൂലികയിൽ നിന്ന് വന്നതാണ്. ഇന്നസന്റും മാമുക്കോയയും ശ്രീനിവാസനും ഒടുവിലും ലളിതയുമൊന്നും സത്യന് കേവലം സിനിമാ ബന്ധങ്ങളല്ല. സൗഹൃദങ്ങള്‍ സത്യൻ സിനിമയിൽ പ്രകടമായിരുന്നു. ജീവിതത്തിലും ആ ബന്ധങ്ങൾ കൂട്ടായി. സത്യൻ സംവിധാനം ചെയ്ത 58 ചിത്രങ്ങളിൽ 16 എണ്ണത്തിന് ശ്രീനിവാസൻ തിരക്കഥ രചിച്ചു. ഈ കൂട്ടുകെട്ടിൽ പിറന്ന സന്ദേശം എല്ലാ കാലത്തിനും വേണ്ടിയുള്ള സിനിമയായിരുന്നു. ശ്രീനിവാസനെ അവസാന യാത്രയാക്കുന്ന വേളയിൽ, കരഞ്ഞുകലങ്ങിയ മനസ്സോടെ, വിറയ്ക്കുന്ന വിരലുകൾകൊണ്ട് ശ്രീനിയുടെ പ്രിയപ്പെട്ട സത്യൻ എഴുതി: ‘‘എന്നും എല്ലാവർക്കും നന്മകൾമാത്രം വരട്ടെ.’’ അതാണ്...സത്യൻ അന്തിക്കാട് എന്ന മനുഷ്യൻ.