കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്ക്. നിയന്ത്രണങ്ങൾ ലംഘിച്ച വലിയ ചരക്ക് വാഹനങ്ങൾ ചുരം കയറിയതാണ് കുരുക്കിന് കാരണം. പുലർച്ചെ മുതൽ തുടങ്ങിയ ഗതാഗതക്കുരുക്കിനെ തുടർന്ന് വാഹനങ്ങളുടെ ക്യൂ വെസ്റ്റ് കൈതപ്പൊയിൽ വരെ നീണ്ടിരുന്നു.
പുലർച്ചയോടെയാണ് ചുരം എട്ടാം വളവിൽ സ്വകാര്യ ബസ്സും ലോറിയും കുടുങ്ങിയത്. നിയന്ത്രണം ലംഘിച്ച് വലിയ ചരക്ക് വാഹനങ്ങൾ കൂടി എത്തിയതോടെ ഗതാഗതക്കുരുക്ക് മുറുകി. അതോടെ ചുരത്തിൽ വാഹങ്ങൾ മണിക്കൂറുകളോളം കാത്തുകിടക്കേണ്ടി വന്നു.
കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു എന്നാൽ, ഇത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ചാൽ സ്ഥലത്ത് പൊലീസും ഇല്ല. നിലവിൽ വെസ്റ്റ് കൈതപ്പൊയിൽ വരെ നീണ്ട വാഹനങ്ങളുടെ ക്യൂവാണ്. പൊലീസും ചുരം സംരക്ഷണ സമിതിയും എത്തിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. കേടായ ബസ് മാറ്റാത്തതിനാൽ ഒരു ഭാഗത്ത് കൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്.