നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയ മാനദണ്ഡങ്ങൾക്കും തന്ത്രങ്ങൾക്കും അന്തിമ രൂപം നൽകാൻ കോൺഗ്രസ് നേതൃത്വം ഇന്ന് വയനാട് ചുരം കയറും. നാളെയും മറ്റന്നാളും സുൽത്താൻ ബത്തേരിയിലാണ് നിർണായക നേതൃക്യാമ്പ്. സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കുന്നതില്‍ വിരുദ്ധ വികാരമില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. എംപിമാർ മൽസരിക്കുന്നതിൽ ഹൈക്കമാൻഡിന് ആണ് അന്തിമ തീരുമാനമെടുക്കുക.
സുൽത്താൻബത്തേരി കോൺഗ്രസിന് ഭാഗ്യ ഇടമാണ്. 2024 ജൂലൈയിൽ ബത്തേരിയിൽ ചേർന്ന രണ്ടുദിവസത്തെ ക്യാമ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള തന്ത്രങ്ങൾ അടങ്ങിയ മിഷൻ 2025നു രൂപം നൽകിയത്. അതേ ഇടത്തേക്ക് ഒരിക്കൽ കൂടി കോൺഗ്രസ് നേതൃത്വം എത്തുകയാണ്. ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപരേഖ തയാറാക്കാൻ.
യുഡിഎഫ് സീറ്റ് വിഭജനം ഈ മാസം പകുതിയോടെ പൂർത്തിയാക്കി സിറ്റിംഗ് മണ്ഡലങ്ങൾ ഉൾപ്പെടെ 55 സീറ്റുകളിലെ സ്ഥാനാർത്ഥിനിർണയവും ഈ മാസം അവസാനത്തോടെ പൂർത്തിയാക്കാൻ ആണ് കോൺഗ്രസിന്റെ നീക്കം. സ്ഥാനാർത്ഥി നിർണയത്തിലെ കല്ലുകടിയും അവസാന നിമിഷം വരെയുള്ള ചർച്ചകളും ഗുണം ചെയ്തിട്ടില്ലെന്ന് നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് പരമാവധി സമയം വാoഅപ്പ് ചെയ്താൽ കളത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്നാണ് തദ്ദേശഫലം വ്യക്തമാക്കുന്നത്. സംവരണ മണ്ഡലങ്ങളിൽ പ്രചാരണത്തിന് പ്രത്യേക പദ്ധതിയോടെയാണ് കോൺഗ്രസ് നീങ്ങുക. എംപിമാർ മത്സരിക്കുമോ എന്നതാണ് പ്രധാന ചോദ്യം. ക്യാമ്പിൽ അക്കാര്യവും ഉയരുമെങ്കിലും അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കും.