കോഴിക്കോട് കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ ദൃശ്യകൊലക്കേസ് പ്രതി വിനീഷ് സംസ്ഥാനം വിട്ടതായി നിഗമനം. എന്നാല്‍ പ്രതിയെവിടെയെന്ന് അഞ്ചാംദിവസവും പൊലീസിന് സൂചനകളില്ല. പ്രതിക്കായി നാല് ഭാഷകളില്‍ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. കുതിരവട്ടത്ത് നിന്ന് ചുമര് തുരന്ന് രക്ഷപ്പെട്ട വിനീഷ് ഇതുവരെ സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് പൊലീസ് ആവര്‍ത്തിച്ചിരുന്നത്. ആ നിലപാടാണ് ഇപ്പോള്‍ മയപ്പെടുത്തി, പ്രതി കേരളം വിട്ടിട്ടുണ്ടാകാനാണ് സാധ്യതയെന്നാക്കിയത്. ഇത് രണ്ടാം തവണയാണ് പ്രതി കുതിരവട്ടത്ത് നിന്ന് രക്ഷപെടുന്നത്.
2022ല്‍ ആദ്യം രക്ഷപെട്ടപ്പോള്‍ കര്‍ണാടകയില്‍ നിന്നാണ് വിനീഷിനെ പിടികൂടിയത്. അതുകൊണ്ട് തന്നെ ഇക്കുറിയും കര്‍ണാടക കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് കടന്നുകളഞ്ഞാല്‍ പിടികൂടുക പ്രയാസമാകും. വിനീഷിന് രക്ഷപ്പെടാന്‍ മറ്റാരുടേയും സഹായം ലഭിച്ചിട്ടില്ല. തനിച്ചാണ് ശുചിമുറിയുടെ ചുമര്‍ തുരന്ന് ചുറ്റുമതില്‍ ചാടികടന്ന് പുറത്തെത്തിയത്.
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 2021ലാണ് പെരിന്തല്‍മണ്ണ സ്വദേശിയായ ദൃശ്യയെ വിനീഷ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന വിനീഷീനെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുമ്പ് ഒരുതവണ കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയായിട്ടും വേണ്ടത്ര സുരക്ഷയില്ലാതെ പ്രതിയെ പാര്‍പ്പിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.